മോദി-ബൈഡന് കൂടിക്കാഴ്ച ഇന്ന്; യുക്രൈന് വിഷയവും ചര്‍ച്ചയാകും

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. വെര്‍ച്വലായാണ് കൂടിക്കാഴ്ച നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, കൊവിഡ് മഹാമാരി, സാമ്പത്തിക വളര്‍ച്ച, വിദേശനയം തുടങ്ങി വിവിധ വിഷയങ്ങള്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്യും. (biden modi meeting today)
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ഇനിയും അവസാനിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച എന്നതാണ് ഏറെ ശ്രദ്ധേയം. അധിനിവേശത്തില്‍ റഷ്യയ്ക്കെതിരായി നിലപാടെടുക്കാന്‍ വിവിധ ലോകനേതാക്കളില്‍ സമ്മര്‍ദം ചെലുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബൈഡന്റെ കൂടിക്കാഴ്ചയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. റഷ്യയ്ക്കെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. യു എസ് പ്രസ് സെക്രട്ടറി ജെന്‍ സാകിയാണ് ബൈഡന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.
റഷ്യന്‍ അധിനിവേശത്തിനെതിരെ ഇന്ത്യ തണുപ്പന്‍ പ്രതികരണമാണ് രേഖപ്പെടുത്തുന്നത് എന്ന വിമര്‍ശനത്തിനിടെയാണ് വൈറ്റ് ഹൗസിന്റെ അഭിപ്രായ പ്രകടനം. റഷ്യയ്ക്കെതിരെ ഇന്ത്യ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും യുക്രൈനും അതൃപ്തിയിലാണ്. എന്നാല്‍ ഇന്ത്യയുടെ നിലപാടിനെ റഷ്യ അഭിനന്ദിച്ചിരുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും, വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും തമ്മിലുള്ള യുഎസ്ഇന്ത്യ 2+2 യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച. റഷ്യയുടെ യുക്രൈന് അധിനിവേശം ആഗോള ഭക്ഷ്യ വിതരണത്തിലും ചരക്ക് വിപണിയിലുമുണ്ടാക്കിയ പ്രതിഫലനങ്ങളും ചര്‍ച്ചയായേക്കും.
Story Highlights: biden modi meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here