കാവ്യ നാളെ ചോദ്യം ചെയ്യലിന് ഹാജരായേക്കും; വീട്ടിൽ മതിയെന്ന് കാവ്യ, പൊലീസ് ക്ലബിൽ ഹാജരാകണമെന്നു ക്രൈംബ്രാഞ്ച്

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിനു ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവൻ ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നു ക്രൈംബ്രാഞ്ച്. നാളെ കാവ്യ ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്നാണ് സൂചന. സാക്ഷിയാക്കി കണക്കാക്കുന്നതിനാൽ ആലുവയിലെ പത്മസരോവരം വീട്ടിൽ ചോദ്യം ചെയ്യണമെന്നാണു കാവ്യ ആവശ്യപ്പെട്ടിരുന്നത്.
സാക്ഷിയായതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു കാവ്യ. പൊലീസ് ക്ലബ് ഒഴിവാക്കി മറ്റൊരു സ്ഥലം ക്രൈംബ്രാഞ്ച് ഇതുവരെ നിർദേശിച്ചിട്ടില്ല. ഇതേ കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് ക്ലബ് ഒഴിവാക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.
ഇന്നലെയാണു കാവ്യയോടു നേരിട്ടു ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശിച്ചിരുന്നത്. ബുധനാഴ്ച ഹാജരാകാമെന്നു കാവ്യ അറിയിക്കുകയായിരുന്നു. ഇതിനിടയിലാണു ചോദ്യം ചെയ്യൽ, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടിൽ വേണമെന്ന ആവശ്യം ഭാര്യയായ കാവ്യ ഉന്നയിച്ചത്. ഈ സാഹചര്യത്തിൽ അന്വേഷണ സംഘം നിയമോപദേശം തേടി. ഹാജരാകേണ്ട സ്ഥലം കാവ്യയെ അറിയിക്കും.
Story Highlights: Kavya may appear for questioning today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here