‘വെറുതെ വെയിലും മഴയും കൊണ്ടിട്ട് കാര്യമില്ല, ഇതൊരു ബിസിനസ് സ്ഥാപനമാണ്’; സമരക്കാരെ പരിഹസിച്ച് കെഎസ്ഇബി ചെയര്മാന്

ഇടത് യൂണിയനുകള്‍ പ്രതിഷേധം തുടരുന്നതിനിടെ സമരത്തെ പരിഹസിച്ച് കെഎസ്ഇബി ചെയര്മാന് ബി അശോക്. സമരം ചെയ്യുന്നവര്‍ വെറുതെ വെയിലും മഴയും കൊണ്ടിട്ട് കാര്യമില്ലെന്ന് കെഎസ്ഇബി ചെയര്മാന് പരിഹസിച്ചു. കെഎസ്ഇബി ഒരു ബിസിനസ് സ്ഥാപനമാണെന്നും സഹകരിച്ച് മുന്നോട്ട് പോയാലേ രക്ഷപ്പെടൂവെന്നും ചെയര്മാന് പറഞ്ഞു. കെഎസ്ഇബിയില്‍ നിലവില്‍ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നാണ് ബി അശോക് വ്യക്തമാക്കിയിരിക്കുന്നത്. കെഎസ്ഇബി സംവിധാനത്തിന്റെ മൗലിക സ്വഭാവം ബലികഴിക്കാന്‍ തയാറല്ലെന്നും ചെയര്മാന് കൂട്ടിച്ചേര്‍ത്തു. (kseb chairman b asok slam protesters)
കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിന്റെ സസ്പെന്ഷന് ഇന്നലെ പിന്‍വലിച്ചിരുന്നു. സ്ഥലംമാറ്റത്തോടെയായിരുന്നു നടപടി. പെരിന്തല്‍മണ്ണയിലേക്കാണ് സുരേഷ് കുമാറിനെ സ്ഥലം മാറ്റിയിരിക്കുന്നത്. കെഎസ്ഇബിയില്‍ ഇടത് സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പോരിനിടെ സര്‍വീസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു എം ജി സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നത്. സുരേഷ് കുമാറിനെ സ്ഥലം മാറ്റിയ നടപടിയില്‍ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന് കടുത്ത അതൃപ്തിയിലാണ്. എംജി സുരേഷ് കുമാറിന്റെ സ്ഥലംമാറ്റം അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന് വ്യക്തമാക്കിയിരുന്നു.
കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ബി ഹരികുമാറിയും സസ്പെന്‍ഡ് ചെയ്തിരുന്നു. കെഎസ്ഇബിയിലെ വനിതാ എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമവിരുദ്ധമായി സസ്പെന്‍ഡ് ചെയ്തതാണ് കെഎസ്ഇബിയിലെ പോരിന് കാരണമായത്. അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്പെന്ഷന് ഉത്തരവ് നല്‍കിയത്.
സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കിയപ്പോള് ചെയര്മാന് പരിഹസിച്ചുവെന്നും, സംഘടനയുമായി ചര്‍ച്ചക്ക് പോലും തയാറാകുന്നില്ലെന്നും കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേഷന് ആരോപിച്ചിരുന്നു.
Story Highlights: kseb chairman b asok slam protesters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here