ഐപിഎൽ: ഇന്ന് കൊൽക്കത്തയും ഹൈദരാബാദും നേർക്കുനേർ

ഐപിഎലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. രണ്ട് ടീമുകളിൽ കൊൽക്കത്തയാണ് ഏറെക്കുറെ സെറ്റായ സംഘം. ലേലത്തിൽ ഒട്ടേറെ പിഴവുകൾ വരുത്തിയെങ്കിലും 4 മത്സരങ്ങളിൽ രണ്ടെണ്ണം വിജയിക്കാൻ സൺറൈസേഴ്സിനു സാധിച്ചു. അത് അവർക്ക് ഏറെ ആത്മവിശ്വാസം നൽകും. തുടരെ രണ്ട് മത്സരങ്ങൾ വിജയിച്ച് ഹൈദരാബാദ് എത്തുമ്പോൾ ഒരു പരാജയത്തിനു ശേഷമാണ് കൊൽക്കത്തയുടെ വരവ്.
കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ വാഷിംഗ്ടൺ സുന്ദർ ഇന്ന് കളിച്ചേക്കില്ല. പകരം ജഗദീശ സുചിത് കളിച്ചേക്കും. ത്രിപാഠി കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ് പുറത്തുപോയിരുന്നെങ്കിലും താരം ഇന്ന് കളിക്കുമെന്നാണ് വിവരം. ത്രിപാഠി പുറത്തിരുന്നാൽ മലയാളി വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിനു നറുക്ക് വീഴാൻ സാധ്യതയുണ്ട്. ഇതുവരെ ഫോമിലെത്താത്ത അബ്ദുൽ സമദിനു പകരം ശ്രേയാസ് ഗോപാലിനും സാധ്യതയുണ്ട്.
കൊൽക്കത്തയുടെ ടീം സെറ്റാണെങ്കിലും ടോപ്പ് ഓർഡർ ക്ലിക്ക് ആവാത്തതാണ് ആശങ്കയായി നിൽക്കുന്നത്. അജിങ്ക്യ രഹാനെ, ശ്രേയാസ് അയ്യർ, നിതീഷ് റാണ എന്നിവരൊക്കെ ഫോമൗട്ടാണ്. പാറ്റ് കമ്മിൻസ്, ആന്ദ്രേ റസൽ എന്നീ താരങ്ങളുടെ അവിശ്വസനീയ ഇന്നിംഗ്സുകളാണ് രണ്ട് മത്സരങ്ങളിൽ കൊൽക്കത്തയെ വിജയിപ്പിച്ചത്. അത് എല്ലാ മത്സരങ്ങളിലും സംഭവിക്കണമെന്നില്ല. രഹാനെയ്ക്ക് പകരം ഇന്ന് ആരോൺ ഫിഞ്ചിനു സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സാം ബില്ലിങ്സിനു പകരം ഷെൽഡൻ ജാക്ക്സൺ ടീമിലെത്തിയേക്കും. ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്താൻ റിങ്കു സിംഗിനെ ടീമിലെത്തിക്കാൻ സാധ്യതയുണ്ട്. റാസിക്ക് സലാം പുറത്തിരുന്നേക്കും.
5 മത്സരങ്ങളിൽ 3 ജയം സഹിതം 6 പോയിൻ്റുള്ള കൊൽക്കത്ത പട്ടികയിൽ രണ്ടാമതും 4 മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച് 4 പോയിൻ്റുള്ള ഹൈദരാബാദ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
Story Highlights: ipl 2022 sunrisers hyderabad kolkata knight riders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here