മത്സരം സമനില; ഇഞ്ചുറി ടൈമിൽ ഷാക്തറിനായി വിജയഗോൾ നേടി യുക്രൈൻ അഭയാർത്ഥിയായ 12 വയസ്സുകാരൻ: വിഡിയോ

യുക്രൈൻ ക്ലബ് ഷാക്തർ ഡൊനറ്റ്സ്കിനായി വിജയ ഗോൾ നേടി യുക്രൈൻ അഭയാർത്ഥിയായ 12 വയസ്സുകാരൻ. ഷാക്തറും പോളിഷ് ക്ലബ് ലെഷിയ ഗനസ്കും തമ്മിൽ നടന്ന ചാരിറ്റി മത്സരത്തിലാണ് ഹൃദയഹാരിയായ സംഭവം. മത്സരത്തിൻ്റെ ഇഞ്ചുറി ടൈമിൽ ഷാക്തറിനായി കളത്തിലിറങ്ങിയ ദിമിത്രോ കേഡ എന്ന 12 വയസ്സുകാരൻ മത്സരം അവസാനിക്കും മുൻപ് ഗോൾ നേടി. മത്സരം 2-2നു സമനിലയിൽ നിൽക്കെയായിരുന്നു ദിമിത്രോയുടെ ഗോൾ. ഈ ഗോളോടെ ഷാക്തർ മത്സരത്തിൽ വിജയിക്കുകയും ചെയ്തു.
റഷ്യൻ അധിനിവേശത്തിൽ അഭയാർത്ഥികളായ നിരവധി ആളുകളിലൊരാളാണ് ദിമിത്രോ. കിഴക്കൻ യുക്രൈനിലെ മരിയുപോളുകാരനായ ദിമിത്രോയുടെ ഗോൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മരിയുപോൾ പിടിച്ചെടുത്തെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. 1,000-ലധികം യുക്രൈൻ സൈനികർ കീഴടങ്ങിയെന്നും മോസ്കോ അവകാശപ്പെട്ടു. മറൈൻ ബ്രിഗേഡിലെ 1,026 സൈനികരും വനിതകളും സ്വമേധയാ ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങിയെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. എന്നാൽ യുക്രൈൻ ഇക്കാര്യം നിഷേധിച്ചു.
ഏറ്റുമുട്ടലിൽ 151 യുക്രൈൻ സൈനികർക്ക് പരുക്കേറ്റു. ഇവർക്ക് റഷ്യൻ സൈനികർ പ്രഥമശുശ്രൂഷ നൽകിയതായും കൂടുതൽ ചികിത്സയ്ക്കായി അടുത്തുള്ള മരിയുപോൾ സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റിയതായും അലിമോവ് റിപ്പോർട്ട് ചെയ്തു. എന്നാൽ കീഴടങ്ങൽ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് യുക്രൈൻ പ്രതിരോധ വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു.
Story Highlights: ukraine refugee kid scored shakhtar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here