പാലക്കാട് ജില്ലയിൽ ഈമാസം 20 വരെ നിരോധനാജ്ഞ

എസ്ഡിപിഐ പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസൻ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃത്യംനടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.
പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുൻപാണ് നാടിനെ നടുക്കി വീണ്ടും അരുംകൊല നടന്നത്. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനെ കടയിൽ കയറി വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നിൽ എസ്ഡിപിഐയാണെന്നാണ് ബിജെപിയുടെ ആരോപണം.
Read Also : പാലക്കാട്ടെ സംഭവം പൊലീസിന്റെ പിടിപ്പുകേടുമൂലമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
ഇന്നുച്ചയ്ക്ക് ഒരു മണിയോടെ രണ്ട് ബൈക്കുകളിലും ഒരു സ്‌കൂട്ടറിലുമായി എത്തിയ അക്രമിസംഘം, ശ്രീനിവാസന്റെ എസ്‌കെഎസ് ഓട്ടോഴ്‌സ് എന്ന കടയിൽ കയറി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പ്രദേശവാസികളാണ്ശ്രീനിവാസനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നേരെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെയാണ് ജില്ലയിൽ എസ്ഡിപിഐ പ്രവർത്തൻ സുബൈറിനെ കൊലപ്പെടുത്തിയത്. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ.
Story Highlights: Prohibition order in Palakkad district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here