എറിഞ്ഞുപിടിച്ച് ആർസിബി; ഡൽഹിക്കെതിരെ ജയം 16 റൺസിന്

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം. 16 റൺസിനാണ് ബാംഗ്ലൂർ ഡൽഹിയെ തറപറ്റിച്ചത്. 190 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 173 റൺസെടുക്കാനേ സാധിച്ചുള്ളൂ. 66 റൺസെടുത്ത ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി ജോഷ് ഹേസൽവുഡ് 3 വിക്കറ്റ് വീഴ്ത്തി.
190 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. പൃഥ്വി ഷായും ഡേവിഡ് വാർണറും തുടക്കം മുതൽ ആക്രമിച്ചുകളിച്ചതോടെ അനായാസം സ്കോർ ഉയർന്നു. 50 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ പൃഥ്വി മടങ്ങി. 16 റൺസെടുത്ത താരത്തെ മുഹമ്മദ് സിറാജ് അനുജ് റാവത്തിൻ്റെ കൈകളിലെത്തിച്ചു.
മൂന്നാം നമ്പറിലെത്തിയ മിച്ചൽ മാർഷിനെ ഒരു വശത്ത് നിർത്തി വാർണർ കത്തിക്കയറി. ഗ്രൗണ്ടിൻ്റെ നാലു ഭാഗത്തേക്കും ബൗണ്ടറികൾ നേടിയ താരം 29 പന്തുകളിൽ ഫിഫ്റ്റി തികച്ചു. ടൈമിങ് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയ മിച്ചൽ മാർഷ് ഡൽഹിയുടെ ഇന്നിംഗ്സിൽ കനത്ത തിരിച്ചടിയായി. ഒറ്റക്ക് റൺസ് കണ്ടെത്തേണ്ട സമ്മർദ്ദം ഒടുവിൽ വാർണറെ വീഴ്ത്തി. വനിന്ദു ഹസരങ്കയുടെ പന്തിൽ താരം വിക്കറ്റിനു മുന്നിൽ കുരുങ്ങി. 66 റൺസെടുത്ത വാർണർക്ക് പിന്നാലെ ഋഷഭ് പന്ത് എത്തി. ഒരു വശത്ത് മിച്ചൽ മാർഷിൻ്റെ മെല്ലെപ്പോക്ക് പന്തിനെയും ആക്രമിച്ചുകളിക്കാൻ നിർബന്ധിതനാക്കി. ഇതിനിടെ 24 പന്തുകളിൽ 14 റൺസെടുത്ത മാർഷ് റണ്ണൗട്ടായി. റോവ്മൻ പവൽ (0), ലളിത് യാദവ് (1) എന്നിവർ വേഗം മടങ്ങിയതോടെ പന്തിനു വീണ്ടും സമ്മർദ്ദമായി. ചില ബൗണ്ടറി ഷോട്ടുകൾ കളിച്ച് വിജയത്തിനായി ശ്രമിച്ചെങ്കിലും താരം 17ആം ഓവറിൽ സിറാജിനു മുന്നിൽ വീണു. 17 പന്തുകളിൽ 34 റൺസെടുത്ത പന്തിനെ വിരാട് കോലി അതിഗംഭീരമായി പിടികൂടുകയായിരുന്നു.
ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന അക്സർ പട്ടേൽ-ശാർദ്ദുൽ താക്കൂർ സഖ്യം ചില വമ്പൻ ഷോട്ടുകളുമായി ഡൽഹിയെ മത്സരത്തിൽ തന്നെ നിർത്തി. എന്നാൽ, 19ആം ഓവറിലെ ആദ്യ പന്തിൽ ശാർദ്ദുലിനെ (17) കാർത്തികിൻ്റെ കൈകളിലെത്തിച്ച ഹേസൽവുഡ് ഈ പ്രതീക്ഷയും തല്ലിക്കെടുത്തി. കുൽദീപ് യാദവ് (10), അക്സർ പട്ടേൽ (10) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights: royal challengers bangalore won delhi capitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here