ഡൽഹി ഹനുമാൻ ജയന്തി സംഘർഷത്തിൽ 20 പേർ അറസ്റ്റിൽ

ഡൽഹി ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ 20 പേരെ അറസ്റ്റ് ചെയ്തു.
പിടിയിലായവരിൽ നിന്ന് മൂന്ന് നാടൻ പിസ്റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഡൽഹി പൊലീസ് സബ് ഇൻസ്‌പെക്ടർ മെദലാൽ മീണയ്ക്ക് നേരെ വെടിയുതിർത്ത അസ്ലമും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇയാളുടെ പക്കൽ നിന്ന് ഒരു നാടൻ പിസ്റ്റൾ കണ്ടെടുത്തു. ഇന്നലെ വൈകിട്ട് നടന്ന അക്രമത്തിൽ എട്ട് പൊലീസുകാർക്കും ഒരു സാധാരണക്കാരനും പരുക്കേറ്റിരുന്നു.
ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനാണ്. കേസിൽ അറസ്റ്റ് തുടരുകയാണ്. ശോഭാ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് എഫ് ഐആറിൽ പറയുന്നത്. അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗുഢാലോചനയുണ്ട്.
സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ ജാഗ്രത തുടരുകയാണ്. ജഹാംഗീർപൂരിയിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഡൽഹി പൊലീസിനെ കൂടാതെ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിൽ കൂടിയ സമാധാന യോഗത്തിൽ ഇരുവിഭാഗങ്ങളും സമാധാനം പാലിക്കണമെന്നും നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Read Also : ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെയുണ്ടായ ആക്രമണം: കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് ഗൗതം ഗംഭീർ
സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും പരിശോധിച്ച് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ മറ്റ് ഇടങ്ങളിൽ നടത്താനിരുന്ന ശോഭായാത്രകൾക്ക് പൊലീസ് അനുമതി നിഷേധിച്ചു. ഡൽഹിക്ക് പുറമേ യുപിയിലും ഹരിയാനയിലും പൊലീസ് കനത്ത ജാഗ്രതയിലാണ്.
Story Highlights: 20 Men Arrested In Delhi Hanuman Jayanti Violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here