Advertisement

തകർച്ചയിൽ കൈപിടിച്ച് ലിവിങ്സ്റ്റൺ; വിക്കറ്റ് വേട്ടയുമായി ഉമ്രാൻ; പഞ്ചാബിന്

April 17, 2022
1 minute Read

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്സിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 151 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 60 റൺസെടുത്ത ലിയാം ലിവിങ്സ്റ്റണാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ഹൈദരാബാദിനായി ഉമ്രാൻ മാലിക്ക് 4 വിക്കറ്റ് വീഴ്ത്തി.

മായങ്ക് അഗർവാളിൻ്റെ അഭാവത്തിൽ പ്രഭ്സിമ്രാൻ സിംഗ് ആണ് ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. മൂന്നാം ഓവർ വരെ മാത്രമാണ് ഈ കൂട്ടുകെട്ട് നീണ്ടത്. 8 റൺസെടുത്ത ധവാനെ ഭുവനേശ്വർ കുമാർ മാർക്കോ ജാൻസനിൻ്റെ കൈകളിലെത്തിച്ചു. ചില ബൗണ്ടറികൾ നേടിയെങ്കിലും പ്രബ്‌സിമ്രാനും വേഗം മടങ്ങി. 14 റൺസെടുത്ത താരത്തെ ടി നടരാജൻ്റെ പന്തിൽ നിക്കോളാസ് പൂരാൻ പിടികൂടുകയായിരുന്നു. ജോണി ബെയർസ്റ്റോ (12) ജഗദീശ സുചിതിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. ജിതേശ് ശർമ്മയെ (11) ഉമ്രാൻ മാലിക്ക് സ്വന്തം ബൗളിംഗിൽ പിടികൂടി.

തകർച്ചക്കിടയിലും അസാമാന്യ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ലിയാം ലിവിങ്സ്റ്റൺ ആണ് പഞ്ചാബ് ഇന്നിംഗ്സിനെ മുന്നോട്ടുനയിച്ചത്. ആരാം നമ്പറിലെത്തിയ ഷാരൂഖ് ഖാൻ ലിവിങ്സ്റ്റണ് ഉറച്ച പങ്കാളിയായി. അപ്പോഴും ആക്രമണ ചുമതല ഏറ്റെടുത്തത് ലിവിങ്സ്റ്റൺ തന്നെയായിരുന്നു. ടൈമിങ് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയ ഷാരൂഖിനെ കാഴ്ചക്കാരനാക്കി ലിവിങ്സ്റ്റൺ 26 പന്തിൽ ഫിഫ്റ്റി തികച്ചു. 71 റൺസ് നീണ്ട അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവിൽ ഷാരൂഖ് മടങ്ങി. 26 റൺസെടുത്ത താരത്തെ ഭുവനേശ്വർ വില്ല്യംസണിൻ്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ ഒഡീൻ സ്മിത്തും ടൈമിങ് കണ്ടെത്താൻ ഏറെ വിഷമിച്ചു. 19ആം ഓവറിലെ അവസാന പന്തിൽ ലിവിങ്സ്റ്റൺ മടങ്ങി. താരത്തെ ഭുവനേശ്വർ കുമാറിൻ്റെ പന്തിൽ വില്ല്യംസൺ ഉജ്ജ്വലമായി പിടികൂടുകയായിരുന്നു. അവസാന ഓവറിലെ രണ്ടാം പന്തിൽ ഒഡീൻ സ്മിത്തിനെ (13) സ്വന്തം ബൗളിംഗിൽ പിടികൂടിയ ഉമ്രാൻ രാഹുൽ ചഹാറിൻ്റെ (0) കുറ്റി പിഴുതു. അടുത്ത പന്തിൽ വൈഭവ് അറോറയും (0) കുറ്റി തെറിച്ച് മടങ്ങി. ഇന്നിംഗ്സിലെ അവസാന പന്തിൽ അർഷ്ദീപ് സിംഗ് റണ്ണൗട്ടായി. അവസാന ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ 4 വിക്കറ്റാണ് ഉമ്രാൻ വീഴ്ത്തിയത്.

Story Highlights: punjab kings ipl sunrisers hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top