Advertisement

ശ്രീനിവാസന് വിട ചൊല്ലി നാട്

April 17, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാലക്കാട്ട് കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ മൃതദേഹം സംസ്‌കരിച്ചു. കറുകോടി മൂത്താന്‍ സമുദായ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. നൂറുകണക്കിന് ആളുകളാണ് സംസ്‌കാര ചടങ്ങിലെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിലാപയാത്രയായി കര്‍ണ്ണകി അമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ആദ്യം എത്തിച്ചത്. നിരവധിപേരാണ് പൊതുദര്‍ശന ചടങ്ങുകളില്‍ സംബന്ധിച്ചത്. പിന്നാലെ മൃതദേഹം ശ്രീനിവാസന്റെ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കറുകോടി മൂത്താന്‍ സമുദായ ശ്മശാനത്തിലെത്തിച്ച് സംസ്‌കാരിക്കുകയായിരുന്നു. സഹോദരനാണ് ശവ സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട് 24 മണിക്കൂര്‍ പിന്നിടും മുമ്പാണ് മേലാമുറിയില്‍ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ ഇന്നലെ വെട്ടിക്കൊന്നത്. ആറംഗസംഘമാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിയത്. ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളേറ്റിരുന്നു. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം, അക്രമി സംഘമെത്തിയ ബൈക്കിന്റെ ഉടമയായ സ്ത്രീയെ ചോദ്യം ചെയ്തു. ബൈക്ക് നിലവില്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്ന് ബൈക്ക് ഉടമയായ സ്ത്രീ പറഞ്ഞു. ബൈക്കിന്റെ ആര്‍സി മാത്രമാണ് തന്റെ പേരിലെന്നും സ്ത്രീ പറഞ്ഞു. ശ്രീനിവാസന്‍ കേസിലെ രണ്ടു ബൈക്കുകളില്‍ ഒരെണ്ണം കണ്ടെത്താനായതോടെ അധികം വൈകാതെ പ്രതികളിലേക്കെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം സംഘം.

ശ്രീനിവാസന്‍ കൊലക്കേസില്‍ പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട് എഡിജിപി വിജയ് സാഖറെ. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. നാല് ടീമുകളെയാണ് പ്രതികളെ പിടിക്കാനായി നിയോഗിച്ചിരിക്കുന്നത്. പ്രതികളെ വൈകാതെ പിടികൂടുമെന്നും എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. സുബൈര്‍ വധക്കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ.

തുടരന്വേഷണത്തിന്റെ വഴിയേ പ്രതികളെകുറിച്ച് വെളിപ്പെടുത്തും. രണ്ട് കൊലപാതകങ്ങളും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരികരിച്ചിട്ടുണ്ട്. ശ്രീനിവാസന്റെയും സുബൈറിന്റെയും ആസൂത്രിത കൊലപാതകങ്ങളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആസൂത്രിത കൊലപാതകങ്ങള്‍ തടയുക എന്നത് പ്രയാസമാണ്. സംഭവത്തില്‍ ഉന്നതതലത്തിലുള്ള ഗൂഡാലോചന പുറത്ത് കൊണ്ടുവരുമെന്നും എഡിജിപി വ്യക്തമാക്കി.

അതേസമയം ശ്രീനിവാസന്റെ മൃതദേഹവുമായുള്ള വിലാപയാത്രയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം പാലക്കാട് കണ്ണകി നഗറിലേക്കാണ് കൊണ്ടുപോകുന്നത്. കണ്ണകിയമ്മന്‍ ഹൈസ്‌കൂളിലാണ് പൊതുദര്‍ശനത്തിന് വെയ്ക്കുന്നത്. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് കറുകോടി ശ്മശാനത്തില്‍ നടക്കും.

എസ്ഡിപിഐ പ്രവര്‍ത്തകന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്റെയും തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Story Highlights: Srinivasan’s body was cremated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement