ഐപിഎലിലെ കൊവിഡ്; ഡൽഹി-പഞ്ചാബ് മത്സരവേദി മാറ്റി

ഡൽഹി ക്യാപിറ്റൻസും പഞ്ചാബ് കിംഗ്സും തമ്മിൽ നാളെ നടക്കാനിരുന്ന ഐപിഎൽ മത്സരത്തിൻ്റെ വേദി മാറ്റി. പൂനെയിൽ തീരുമാനിച്ചിരുന്ന മത്സരം മുംബൈയിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് തീരുമാനം.
ഡൽഹി ക്യാമ്പിൽ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷ് ഉൾപ്പെടെ അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാർഷ് ഒഴികെ ബാക്കി 4 പേരും സപ്പോർട്ട് സ്റ്റാഫിലുള്ള ആളുകളായിരുന്നു. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ മാർഷ് ഒഴികെ മറ്റ് താരങ്ങളെല്ലാം കൊവിഡ് നെഗറ്റീവാണ്. നാളെ രാവിലെ ഒരു തവണ കൂടി താരങ്ങൾക്ക് കൊവിഡ് പരിശോധന നടത്തും.
കൊവിഡ് പോസിറ്റീവായ മിച്ചൽ മാർഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. താരത്തിന് നേരിയ പനിയുണ്ട്. ഈ മാസം 15ന് ടീം ഫിസിയോ പാട്രിക്ക് ഫർഹത്തിനാണ് ഡൽഹി ക്യാമ്പിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. 16ന് മസാജ് തെറാപിസ്റ്റ് ചേതൻ കുമാർ പോസിറ്റീവായി. ഇന്നലെ നടത്തിയ പരിശോധനയിൽ മിച്ചൽ മാർഷ്, ടീം ഡോക്ടർ അഭിജിത് സാൽവി, സോഷ്യം മീഡിയ കണ്ടൻ്റ് ടീം മാനേജർ ആകാശ് മാനെ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു.
Story Highlights: covid delhi capitals punjab kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here