ഐപിഎൽ: ബാംഗ്ലൂരിന് ഇന്ന് ലക്നൗ എതിരാളികൾ

ഐപിഎലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 6 മത്സരങ്ങളിൽ നിന്ന് നാല് വീതം വിജയങ്ങളും 8 വീതം പോയിൻ്റുമായി ലക്നൗ മൂന്നാമതും ബാംഗ്ലൂർ നാലാം സ്ഥാനത്തുമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടാവും ഇരു ടീമുകളും ഇറങ്ങുക.
പേപ്പറിൽ ടൂർണമെൻ്റിലെ തന്നെ ഏറ്റവും മികച്ച ടീമാണ് ലക്നൗ സൂപ്പർ ജയൻ്റ്സ്. ലോകേഷ് രാഹുൽ, ക്വിൻ്റൺ ഡികോക്ക് എന്നീ മോഡേൺ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ഓപ്പണർമാരിലൂടെ ആരംഭിക്കുന്ന ബാറ്റിംഗ് നിര മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി, കൃണാൽ പാണ്ഡ്യ, ജേസൻ ഹോൾഡർ എന്നിങ്ങനെ നീളുന്നു. എട്ട് ബാറ്റിംഗ് ഓപ്ഷനുകളും ഏഴ് ബൗളിംഗ് ഓപ്ഷനുകളുമാണ് ലക്നൗവിനുള്ളത്. ആവേശ് ഖാൻ, ദുഷ്മന്ത ചമീര, രവി ബിഷ്ണോയ് എന്നീ സ്പെഷ്യലിസ്റ്റ് ബൗളർമാർക്കൊപ്പം ഓൾറൗണ്ടർമാർ കൂടി ചേരുന്ന ബൗളിംഗ് വിഭാഗവും വളരെ മികച്ചതാണ്. ഇവരെല്ലാവരും ഫോമിലാണെന്നതാണ് ലക്നൗവിൻ്റെ പോസിറ്റീവ് ഘടകം.
മറുവശത്ത് ബാംഗ്ലൂരിനും മികച്ച ഒരു ടീമുണ്ട്. എന്നാൽ, ടോപ്പ് ഓർഡർ ഫോമിലല്ല എന്നത് അവരെ വലയ്ക്കുന്നുണ്ട്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി, മുൻ ക്യാപ്റ്റൻ വിരാട് കോലി എന്നീ വമ്പൻ പേരുകാർക്കൊപ്പം ഓപ്പണർ അനുജ് റാവത്തും നിരാശപ്പെടുത്തുകയാണ്. ഗ്ലെൻ മാക്സ്‌വൽ, ഷഹബാസ് നദീം, ദിനേഷ് കാർത്തിക് എന്നീ താരങ്ങളാണ് പലപ്പോഴും ബാംഗ്ലൂരിനെ വൻ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുള്ളത്. ജോഷ് ഹേസൽവുഡ്, മുഹമ്മദ് സിറാജ്, വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേൽ എന്നീ ബൗളിംഗ് ഓപ്ഷനുകൾ ശക്തമാണ്. കഴിഞ്ഞ സീസണിലെപ്പോലെ എഫക്ടീവ് ആകാൻ സിറാജിനു കഴിയുന്നില്ലെങ്കിലും ഇത് തന്നെയാണ് അവരുടെ ഏറ്റവും മികച്ച ലൈനപ്പ്. ടോപ്പ് ഓർഡറിൽ അനുജ് റാവത്തിനു പകരം മഹിപാൽ ലോംറോർ കളിക്കാനിടയുണ്ട്.
Story Highlights: ipl royal challengers bangalore lucknow super giants
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here