‘എവിടെ കുറ്റി നാട്ടിയാലും പ്രബുദ്ധരായ ജനം പിഴുതെറിയും’; പട്ടാളം വന്നാലും തടയാനാകില്ലെന്ന് കെ സുധാകരന്‍

സില്‍വര്‍ലൈന്‍ കുറ്റി എവിടെ നാട്ടിയാലും പിഴുതെറിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാട്ടാളം വന്നാലും കുറ്റി നിലനിര്‍ത്തില്ലെന്നും ജയിലില്‍ പോകാനും തങ്ങള്‍ തയാറാണെന്നും കെ സുധാകരന്‍ പറഞ്ഞു. കല്ലിടലിനെതിരെ കണ്ണൂര്‍ ചാലയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (k sudhakaran anti silverline protest)
‘മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഞങ്ങള്‍ മുന്നോട്ടുപോകുന്ന പ്രശ്‌നമില്ല. ഇത് ജനങ്ങളുടെ നാടാണ്. പിണറായി വിജയന് വീതം കിട്ടിയതല്ല. കേരളത്തിലെ സമാധാനപൂര്‍ണമായ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാന്‍ ആര് തുനിഞ്ഞിറങ്ങിയാലും ഞങ്ങള്‍ പ്രതിരോധിക്കും. എവിടെ കല്ല് നാട്ടിയാലും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ പിഴുതെറിയും. പൊലീസിന്റെ അക്രമത്തെ തകര്‍ത്ത് തരിപ്പണമാക്കാനുള്ള കരുത്ത് ജനങ്ങള്‍ക്കുണ്ട്. സാധാരണക്കാരെ ബൂട്ടിട്ട് ചവിട്ടിയത് അങ്ങേയറ്റം ക്രൂരമായ സംഭവമാണ്. ഇതിനെല്ലാം സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണ്’. കെ സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ ചാലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതുമാറ്റി. പ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. നേരത്തെ തന്നെ ഇവിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമാണ് ഇവിടെ കല്ല് സ്ഥാപിച്ചത്. ആ സര്‍വേക്കല്ലാണ് ഇപ്പോള്‍ പിഴുതുമാറ്റിയിരിക്കുന്നത്.
Story Highlights: k sudhakaran anti silverline protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here