ഇത് മന്ത്രിയുടെ ഉറപ്പ്; പെൺപുലികൾക്കൊപ്പം പന്ത് തട്ടി കായിക മന്ത്രി…

കാൽപ്പന്തുകളി ചിലർക്കൊക്കെ ജീവനാണ്. കുറച്ച് പേർക്ക് കണ്ട് ആസ്വദിക്കുന്ന ലഹരിയാണ് അതെങ്കിൽ മറ്റു ചിലർക്ക് പന്ത് തട്ടുന്നത് തന്നെയാണ് ഹരം. കാല്പന്തുകളിയെ ജീവനോളം സ്നേഹിച്ച രാജാജി നഗറിലെ കുറച്ച് പെൺകുട്ടികളെയാണ് ഇനി പരിചയപെടുത്തുന്നത്. കുറച്ച് ദിവസങ്ങൾ മുമ്പ് 24 ന്യൂസ് റിപ്പോർട്ട് ചെയ്ത ഇവരുടെ വാർത്ത ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപെട്ട കായിക മന്ത്രി വി അബ്ദുറഹ്‍മാൻ സമ്മാനപൊതികളുമായി ഇവരെ തേടി രാജാജി നഗറിലെത്തി. കാൽപ്പന്തു കളിയെ ജീവനോളം സ്നേഹിക്കുന്ന, അർഹമായ പരിഗണപോലും തേടിയെത്താത്ത ഇവർക്ക് മന്ത്രിയുടെ ഈ സന്ദർശനം തന്നെ ഏറെ സന്തോഷം നൽകി.
കഠിനമായ പരിശ്രമവും പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടുള്ള മുന്നോട്ട് പോക്കും മാറ്റി നിർത്താത്ത പരിശീലനത്തിന്റെ ഫലവും നിരവധി നേട്ടങ്ങൾ രാജാജി നഗറിലെത്തിച്ചു. എന്നാൽ ഇതുകൊണ്ട് മാത്രമായില്ല അധികൃതരുടെ പ്രത്യേക ശ്രദ്ധയും ഈ കുട്ടികൾക്ക് നേരെ ഉണ്ടായേ മതിയാകു. ഇവർക്ക് നൽകുന്ന ശ്രദ്ധയെല്ലാം ഭാവിയിലേക്ക് ഒരു കൂട്ടം ഫുട്ബാൾ കളിയിലെ പെൺപുലികളെ തന്നെ വാർത്തെടുക്കും.
രാജാജി നഗറിലെത്തിയ മന്ത്രി ഇവരെ കാണുകയും ഇവർക്കൊപ്പം പന്ത് തട്ടുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഇവിടെയെത്താനുള്ള കരണങ്ങളിൽ പ്രചോദനമായത് 24 ന്യൂസ് കൊടുത്ത വാർത്തയാണെന്നും മന്ത്രി പറഞ്ഞു. ആദ്യമായാണ് തങ്ങളെ തേടി മന്ത്രി എത്തുന്നത്. അതിന്റെ സന്തോഷം കുട്ടികളും പ്രകടിപ്പിച്ചു.
കുട്ടികൾക്കായി മന്ത്രി കരുതിയത് വിലപിടിപ്പുള്ള സമ്മാനങ്ങളായിരുന്നു. ഫുട്ബോളിനും ജേഴ്സികൾക്കും പുറമെ അഡിഡാസ് നിർമ്മിക്കുന്ന ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക മോഡലും മന്ത്രി കുട്ടികൾക്കായി നൽകി. മാത്രവുമല്ല കാൽപ്പന്തു കളിയെ നെഞ്ചേറ്റിയ കുട്ടികൾക്ക് വളർന്നു വരാൻ ആവശ്യമായതൊക്കെ നൽകുമെന്ന് ഉറപ്പ് നൽകി തന്നെയാണ് മന്ത്രി അവിടെ നിന്ന് പോയത്.
അവരെ വളർത്തി കൊണ്ട് വരേണ്ടത് അവർക്ക് ആവശ്യമായ പരിശീലനം ചെയ്തുകൊടുക്കണം. അവരെ നമ്മുടെ ദേശീയ ടീമിന്റെ ഭാഗമാക്കാൻ വേണ്ടുന്ന കാര്യങ്ങളാണ് ഇനി നമ്മൾ ചെയ്തു കൊടുക്കേണ്ടത്. ആറ് പെൺകുട്ടികൾ ചേർന്ന് തിരുവനന്തപുരം നഗരത്തിലെ ഒഴിഞ്ഞ സ്ഥലത്ത് തുടങ്ങിയ ഫുട്ബോൾ പരിശീലനത്തിൽ ഇപ്പോൾ പങ്കെടുക്കുന്നത് അറുപതിലധികം വിദ്യാർത്ഥികളാണ്. അവരുടെ നേട്ടങ്ങളെയും മന്ത്രി പ്രശംസിച്ചു.
Story Highlights: Sports Minister visits football players
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here