‘ഹി ഈസ് ദ മർഡറർ’ ; സിബിഐ ഒഫീഷ്യൽ ട്രയിലർ പുറത്ത്, നെഞ്ചിടിപ്പോടെ പ്രേക്ഷകർ

മമ്മൂട്ടി നായകനായെത്തുന്ന സിബിഐ പരമ്പരയിലെ അഞ്ചാം സിനിമയായ ‘സിബിഐ 5 ദി ബ്രെയിനി’ൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. രണ്ട് മിനിട്ടും 23 സെക്കൻഡും ദൈർഘ്യമുളള വിഡിയോ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. പല സിനിമകൾക്കും രണ്ടാം ഭാഗവും മൂന്നാം ഭാഗവും നാലാം ഭാഗവും വന്നിട്ടുണ്ട്. എന്നാൽ വളരെ അപൂർവമായാണ് ഒരു സിനിമക്ക് അഞ്ചാം ഭാഗമെത്തുന്നത്. സേതുരാമയ്യരായി മമ്മൂട്ടിയുടെ മാനറിസങ്ങളും ഐക്കോണിക് ബിജിഎമ്മുമൊക്കെ ഉൾപ്പെടുത്തിയുള്ള ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൻ വൈറലാണ്.
എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്വര്‍ഗചിത്രയാണ് നിര്‍മ്മാണം. അഖില്‍ ജോര്‍ജ് ആണ് ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ജേക്‌സ് ബിജോയ് മ്യൂസിക്കും നിര്‍വഹിച്ചിരിക്കുന്നു. 3 വർഷം കൊണ്ടാണ് എസ് എൻ സ്വാമി സിബിഐയുടെ അഞ്ചാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്.
Read Also : സേതുരാമയ്യരുടെ അഞ്ചാം വരവ്; ടീസർ വൈറൽ
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് പ്രേക്ഷകർ.
തൊഴിലാളി ദിനമായ മേയ് ഒന്ന് ഞായറാഴ്ചയാണ് ചിത്രത്തിന്റെ റിലീസ്. ഉദ്യോഗജനകമായ നിരവധി നിമിഷങ്ങൾ ചിത്രം സമ്മാനിക്കും എന്ന് സൂചിപ്പിക്കുന്നതാണ് ട്രെയിലർ. മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ, സായ് കുമാർ, രമേശ് പിഷാരടി, ആശ ശരത് സൗബിന്‍ ഷാഹിര്‍ എന്നിങ്ങനെ വമ്പൻ താരനിര തന്നെ ട്രെയിലറിലും കടന്നുവരുന്നുണ്ട്.
32 വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സിനിമാ പരമ്പര മമ്മൂട്ടിയുടെ കരിയറിലും മലയാള സിനിമയിലും ശ്രദ്ധേയമായ സ്വാധീനമാണ് ചെലുത്തിയത്. ഈ സിനിമയോടെ സേതുരാമയ്യര്‍ സിബിഐ പരമ്പര അവസാനിക്കുമെന്നും സൂചനയുണ്ട്.
Story Highlights: CBI 5 official trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here