Advertisement

എതിർക്കുന്നവരെ സംവാദത്തിന് ക്ഷണിച്ച് കെ റെയിൽ അധികൃതരുടെ പുതിയ നീക്കം

April 22, 2022
2 minutes Read

സില്‍വര്‍ലൈനെ എതിർക്കുന്നവരെ സംവാദത്തിന് ക്ഷണിച്ച് കെ റെയിൽ അധികൃതരുടെ പുതിയ നീക്കം. കെ റെയിലിൽ വിയോജിപ്പുള്ളവരുടെ അഭിപ്രായം കൂടി കേള്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശമനുസരിച്ച് കെ റെയില്‍ കോര്‍പറേഷന്‍ വ്യാഴാഴ്ച തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് സംവാദം സംഘടിപ്പിക്കുന്നത്. പത്തുമിനിറ്റ് സമയം വീതമാണ് എല്ലാവര്‍ക്കും അനുവദിച്ചിരിക്കുന്നത്. ശാസ്ത്രസാങ്കേതിക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.പി. സുധീര്‍ ആണ് മോഡറേറ്റര്‍. ശ്രോതാക്കളായി അമ്പതുപേരെയും പരിപാടിയില്‍ പങ്കെടുപ്പിക്കും.

Read Also : സിൽവർ ലൈൻ; അലോക് വർമ്മയ്ക്കെതിരെ വിമർശനവുമായി കെ റെയിൽ അധികൃതർ

സില്‍വര്‍ലൈൻ സാധ്യതാപഠനം നടത്തിയ സംഘത്തിലുണ്ടായിരുന്ന മുന്‍ റെയില്‍വേ എന്‍ജിനിയർ അലോക് വര്‍മ, ജോസഫ് സി. മാത്യു, ആര്‍.വി.ജി മേനോൻ തുടങ്ങിയവരെയും സംവാദത്തിന് ക്ഷണിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ വിരുദ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ച കെ റെയില്‍ നടത്തുന്നത് ഇതാദ്യമായാണ്. ജനസമക്ഷം സില്‍വര്‍ലൈന്‍ എന്ന പരിപാടി നേരത്തെ മുഖ്യമന്ത്രി നടത്തിയിരുന്നെങ്കിലും ക്ഷണിക്കപ്പെട്ട പ്രമുഖർ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.

ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എസ്എന്‍ രഘുചന്ദ്രന്‍നായര്‍, റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്‍ എന്നിവര്‍ പദ്ധതിയെ അനുകൂലിച്ച് സംസാരിക്കും.

സിൽവർ ലൈൻ ഡി.പി.ആർ തയ്യാറാക്കിയത് വിശദമായ പഠനം നടത്താതെയാണെന്നുള്ള അലോക് വർമ്മയുടെ ആരോപണം തള്ളി കെ റെയിൽ അധികൃതർ രം​ഗത്തെത്തിയിരുന്നു. ഭൂഘടന, ട്രാഫിക് സർവേ, ലിഡാർ, ജിയോ ടെക്നിക്കൽ സർവേകളുടെ അടിസ്ഥാനത്തിലാണ് ഡി.പി.ആർ തയ്യാറാക്കിയത്. സിസ്ട്ര ടീമിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ മാത്രമായിരുന്നു അലോക് വർമ്മയെന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.

ഡി.പി.ആർ തയ്യാറാക്കിയത് വിശദമായ പഠനം നടത്താതെയാണെന്നും കെ റെയിലിന്റെ പദ്ധതി രൂപരേഖ കെട്ടിച്ചമച്ചതാണെന്നുമാണ് അലോക് വര്‍മ്മയുടെ ആരോപണം. കേരള റയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് വേണ്ടി സിസ്ട്ര എന്ന കൺസൽട്ടൻസി കമ്പനിയാണ് കെ റെയിലിന്റെ സാധ്യതാ പഠനം നടത്തിയത്. മുന്‍ ഐആര്‍എസ്ഇ ഉദ്യോഗസ്ഥന്‍ അലോക് വർമയാണ് ആദ്യഘട്ടത്തിൽ പഠനത്തിന് നേതൃത്വം നൽകിയത്. കേരളത്തിന്‍റെ ഭൂമി ശാസ്ത്രത്തിന് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ചേരില്ലെന്ന നിര്‍ദ്ദേശം അവഗണിച്ചെന്നും ടോപ്പോഗ്രാഫിക്, ജിയോളജിക്കല്‍, ട്രാഫിക് സര്‍വ്വേകളൊന്നും ശാസ്ത്രീയമായി നടന്നിട്ടില്ലെന്നുമാണ് അലോക് വർമ്മ പറയുന്നത്. ഇത്തരം ആരോപണങ്ങളെയെല്ലാം തള്ളിക്കളയുകയാണ് കെ റെയിൽ എം.ഡി.

Story Highlights: K Rail authorities’ new move to invite opponents to debate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top