ഐപിഎൽ ഫൈനൽ അഹ്മദാബാദിൽ; പ്ലേ ഓഫ് മത്സരങ്ങൾക്ക് കൊൽക്കത്ത വേദിയാവും

ഇത്തവണ ഐപിഎൽ സീസണിലെ ഫൈനൽ മത്സരം അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് നടക്കും. മെയ് 29 നാണ് കലാശപ്പോര്. 27ന് രണ്ടാം ക്വാളിഫയറും അഹ്മദാബാദിൽ വച്ച് തന്നെ നടക്കും. ഒന്നാം ക്വാളിഫയറും എലിമിനേറ്ററും കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വച്ചാവും നടക്കുക. എല്ലാ മത്സരങ്ങൾക്കും പൂർണ തോതിൽ കാണികളെ അനുവദിക്കും. ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിനു ശേഷം പ്രസിഡൻ്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, വനിതാ ടി-20 ചലഞ്ച് അടുത്ത മാസം നടക്കും. ലക്നൗവിൽ മെയ് 24 മുതൽ 28 വരെയാവും ടി-20 ചലഞ്ച് നടക്കുക. സ്പോർട്സ്റ്റാർ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. നേരത്തെ, പൂനെയിലാണ് വനിതാ ടി-20 ചലഞ്ച് തീരുമാനിച്ചിരുന്നത്. എന്നാൽ, ലക്നൗവിലെ ഏകന സ്റ്റേഡിയത്തിൽ വച്ച് നടത്താനാണ് പുതിയ തീരുമാനം.
അതേസമയം, വനിതാ ഐപിഎൽ അടുത്ത വർഷം മുതലെന്ന് റിപ്പോർട്ടുകളുണ്ട്. ആദ്യ ഘട്ടത്തിൽ 6 ടീമുകളാണ് ഉണ്ടാവുകയെന്നും ഇതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും ഒരു ബിസിസിഐ പ്രതിനിധി പറഞ്ഞതായി സ്പോർട്സ് തക് റിപ്പോർട്ട് ചെയ്തു. പുരുഷ ഐപിഎൽ പോലെ വനിതാ ഐപിഎലും നടത്തണമെന്ന് ഏറെക്കാലമായി ആവശ്യമുയരുന്നുണ്ട്.
Story Highlights: ipl playoffs ahmedabad kolkata
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here