Advertisement

മുസ്ലീംലീഗ് നേതാക്കളുടെ സംയുക്ത യോഗം ഇന്ന്; ഇ പി ജയരാജന്റെ ക്ഷണവും ചര്‍ച്ചയായേക്കും

April 23, 2022
2 minutes Read

മുസ്ലീംലീഗ് ഉന്നതാധികാര സമിതി അംഗങ്ങളുടേയും സംസ്ഥാന ഭാരവാഹികളുടേയും പ്രത്യേക സംയുക്ത യോഗം ഇന്ന് മലപ്പുറത്ത് ചേരും. സംഘടനാ വിഷയങ്ങളാണ് മുഖ്യഅജണ്ട എങ്കിലും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രതികരണവും യോഗത്തില്‍ ചര്‍ച്ചയായേക്കും. ഇടതു മുന്നണിയിലേക്കുള്ള ഇപി ജയരാജന്റെ ക്ഷണം കുരുക്കാണെന്ന വിലയിരുത്തലിലാണ് മുസ്ലീം ലീഗ്. ഒരേ സമയം യുഡിഎഫിന് അകത്തും പാര്‍ട്ടി അണികളിലും ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് നേതൃത്വം കരുതുന്നത്. യു ഡി എഫില്‍ ഉറച്ചു നില്‍ക്കുമെന്ന തീരുമാനം ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് പ്രചാരണത്തിന്റെ മുനയൊടിക്കാനായിരിക്കും ലീഗ് നീക്കം. തെരഞ്ഞെടുപ്പ് പരാജയത്തിലെ അച്ചടക്ക നടപടികള്‍ റമദാനിനു ശേഷമുള്ള പ്രവര്‍ത്തക സമിതിയില്‍ തീരുമാനിക്കാനാണ് സാധ്യത. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ ജില്ലാ നിരീക്ഷകന്മാരും യോഗത്തില്‍ പങ്കെടുക്കും. (muslim league meeting today)

മുസ്ലീം ലീഗുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതോടെ ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഇ പി ജയരാജന് ആവര്‍ത്തിച്ച് വിശദീകരിക്കേണ്ടി വന്നിരുന്നു. ലീഗ് ഇല്ലാതെയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയതും തുടര്‍ഭരണം നേടിയതുമെന്നും എല്‍ഡിഫ് കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു.

Read Also : കലകളുടെ പൂരത്തിനായി പൂത്തൊരുങ്ങി കൊല്ലം; കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്ന് തുടക്കം

എല്‍ഡിഎഫിന്റെ മുന്നണി വിപുലീകരണം സൂചിപ്പിച്ച ഇപി ജയരാജന്റെ പരാമര്‍ശത്തില്‍ സിപിഐഎംസിപിഐ നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്ന് പരസ്പരം പറയുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. മുന്നണി വിപുലീകരണം ചര്‍ച്ചയിലില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എല്‍ഡിഎഫ് വിപുലീകരണം പരിഗണനയിലില്ലെന്ന് കാനം രാജേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. മുസ്ലീം ലീഗ് നേതാക്കളെ പ്രശംസിച്ചുള്ള ഇ പി ജയരാജന്റെ പരാമര്‍ശത്തെ സിപിഐ തള്ളി. പി കെ കുഞ്ഞാലിക്കുട്ടിയെ ഇ പി ജയരാജന്‍ കിംഗ് മേക്കര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇ പി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് കാനം തിരിച്ചടിച്ചു.

ഇടതുപക്ഷ പാര്‍ട്ടികളുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്ന് ഇപി ജയരാജന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വര്‍ഗീയത രാജ്യത്തെ ഐക്യം തകര്‍ക്കുന്നുവെന്നും വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒന്നിനും കഴിവില്ലാതായതില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ക്ക് അതൃപ്തിയുള്ള പശ്ചാത്തലത്തില്‍ മുന്നണി പ്രവേശനത്തിന് അനുകൂലമായി ലീഗ് നിലപാടറിയിച്ചാല്‍ വിഷയം പരിശോധിക്കുമെന്നും ഇപി ജയരാജന്‍ സൂചിപ്പിച്ചിരുന്നു.

Story Highlights: muslim league meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top