യുവതലമുറയെ വഴിതെറ്റിച്ചു; ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാൻ

അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ച് ടിക് ടോക്കും പബ്ജിയും നിരോധിച്ച് ഭീകര സംഘടനയായ താലിബാൻ. അധാർമ്മിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ടി.വി ചാനലുകൾ നിരോധിക്കുമെന്നും താലിബാൻ അറിയിച്ചു. ടിക് ടോക്, പബ്ജി നിരോധനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും എത്രനാൾ നീളുമെന്നും വ്യക്തമല്ല.
ബുധനാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് ആപ്പുകൾ നിരോധിക്കാൻ താലിബാൻ തീരുമാനിച്ചത്. കടുത്ത ഇസ്ലാമിസ്റ്റുകൾ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാൻ അപ്രതീക്ഷിത സംഭവങ്ങൾക്ക് വിധേയമായിട്ടുണ്ട്. ആപ്പുകളുടെ നിരോധനം ഇതിൽ ഏറ്റവും പുതിയതാണ്. അതേസമയം വെള്ളിയാഴ്ച പ്രാർഥനക്കിടെ അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ ഭീകരാക്രമണം നടന്നു. സ്ഫോടനത്തിൽ 33 പേർ കൊല്ലപ്പെട്ടതായും 43 പേർക്ക് പരുക്കേറ്റതായും താലിബാൻ വക്താവ് കൂട്ടിച്ചേർത്തു.
വടക്കൻ അഫ്ഗാനിസ്ഥാനിലെ കുന്ദൂസിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെട്ടെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിക്കുന്നതായും ദുഃഖിതരോട് അഗാധമായ അനുശോചനം അറിയിക്കുന്നതായും താലിബാൻ വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നാലിടങ്ങളിലെ ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു ആക്രമണം നടത്തിയത്.
Story Highlights: Taliban bans TikTok PUBG
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here