‘പൊലീസ് തലപ്പത്തെ അഴിച്ചുപണി എല്ലാ പ്രതീക്ഷകളേയും അട്ടിമറിക്കുന്നു’; ആശങ്കയറിയിച്ച് ഡബ്ല്യുസിസി

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തലവനെ മാറ്റിയതില്‍ ആശങ്ക അറിയിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. നടിയെ ആക്രമിച്ച കേസ് അന്വേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് പൊലീസ് തലപ്പത്തെ അഴിച്ചുപണി. ഇത് എല്ലാ പ്രതീക്ഷകളേയും അട്ടിമറിക്കുന്നുവെന്ന് ഡബ്ല്യുസിസി പറഞ്ഞു. എസ്.ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ച നടപടിക്കെതിരെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.
(wcc against s sreejith transfer )
കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നല്‍കപ്പെട്ട അവസ്ഥയില്‍ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകമാണെന്ന് ഡബ്ല്യുസിസി കുറ്റപ്പെടുത്തി. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഡബ്ല്യുസിസി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കൂട്ടായ്മയുടെ പ്രതികരണം.
ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഞങ്ങള്‍ക്ക് ആശങ്കയുണ്ട്
ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി . കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നല്‍കപ്പെട്ട അവസ്ഥയില്‍ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകമാണ്. വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകള്‍ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം വക്കില്‍മാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകള്‍. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാര്‍ പരാതിയുമായി സര്‍ക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
#avalkkoppam
Story Highlights: wcc against s sreejith transfer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here