പമ്പയിലെ മരാമത്ത് പ്രവൃത്തികൾ; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും ക്രമക്കേടിൽ നടപടി- 24 IMPACT

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പമ്പയിലെ മരാമത്ത് പ്രവർത്തികളുടെ സ്റ്റോക്ക് രജിസ്റ്റർ കാണാനില്ലെന്ന വാർത്തയിൽ സർക്കാർ ഇടപെടൽ. ദേവസ്വം മന്ത്രി കെ രാധാകൃഷണൻ അടിയന്തിര റിപ്പോർട്ട് തേടി . 2016 മുതൽ 2018 വരെയുള്ള മരാമത്ത് പ്രവർത്തികളുടെ രജിസ്റ്റർ കാണാനില്ലെന്ന ട്വന്റി ഫോർ വർത്തയെ തുടർന്നാണ് നടപടി. നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബോർഡ് കമ്മിഷണർക്ക് ദേവസ്വം മന്ത്രി നിർദേശം നൽകി.
2016 മുതൽ 18 വരെയുള്ള കാലയളവിൽ പമ്പ അസിസ്റ്റന്റ് എൻജിനീയർ ഓഫീസ് വഴി നടത്തിയ മരാമത്ത് പണികളുടെ രേഖകളാണ് കാണാതായത്. ബോർഡ് നേരിട്ട് നടത്തിയ പണികളുടെ ഫയലുകളാണ് കാണാതായത്. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ബോർഡ് നേരിട്ടു നടത്തിയ മരാമത്ത് പണികളുടേതാണ് കാണാതായ ഫയലുകൾ.
ബോർഡ് നേരിട്ടു നടത്തുന്ന മരാമത്ത് പണികളിൽ സിമന്റ്, കമ്പി എന്നിവ കരാറുകാർക്ക് നൽകുന്നത് ബോർഡാണ്. ഇങ്ങനെ നൽകാനായി പമ്പയിലെ അസിസ്റ്റന്റ് എൻജിനീയർ ഓഫീസിൽ കോടികളുടെ സിമന്റും കമ്പിയും സ്‌റ്റോക്ക് ചെയ്തിരുന്നു. ഇവ മറ്റുള്ളിടങ്ങളിലേക്ക് വിതരണം ചെയ്യേണ്ടത് ഇവിടെ നിന്നാണ്. എന്നാൽ ഈ കാലയളവിലുള്ള സ്‌റ്റോക്ക് രജിസ്റ്റർ കാണാതായതോടെ എത്ര ലോഡ് സിമന്റും കമ്പിയും മറ്റുള്ളിടത്തേക്ക് വിതരണം ചെയതെന്നോ എത്ര മിച്ചമായി സ്‌റ്റോക്കിലുണ്ടായിരുന്നെന്നോ കണ്ടെത്താൻ കഴിയില്ല.
Read Also : തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം
പമ്പയിലെ കരിങ്കല്ലിൽ നിർമ്മിച്ച ശർക്കര ഗോഡൗൺ പൊളിച്ചപ്പോൾ ലഭിച്ച ഏഴായിരം ക്യുബിക്ക് അടി കരിങ്കൽ സ്‌റ്റോക്ക് ബുക്കിൽ രേഖപ്പെടുത്തിയിരുന്നു. ബോർഡിന്റെ രേഖകൾ അനുസരിച്ച് അസിസ്റ്റന്റ് എൻജിനീയർ നടത്തിയ പരിശോധനയിൽ സ്‌റ്റോക്ക് രജിസ്റ്റർ ഓഫീസിലില്ലെന്ന് വ്യക്തമാക്കുന്നു. ഫയലുകൾ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി എക്‌സിക്യൂട്ടിവ് എഞ്ചിനീയർക്ക് അസിസ്റ്റന്റ് എൻജിനീയർ ഔദ്യോഗികമായി കത്തും നൽകിയിരുന്നു. ക്രമക്കേടുകൾ മറച്ചുവയ്ക്കുന്നതിനായി സ്‌റ്റോക്ക് രജിസ്റ്ററുകളും ഫയലുകളും നശിപ്പിച്ചെന്നാണ് സൂചന.
Story Highlights: Thiruvithamkoor Devaswom Board -24 IMPACT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here