തകർന്ന് രാജസ്ഥാൻ; പൊരുതി പരഗ്; ബാംഗ്ലൂരിന് 145 റൺസ് വിജയലക്ഷ്യം

ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 145 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 144 റൺസെടുത്തു. 56 റൺസ് നേടി പുറത്താവാതെ നിന്ന റിയൻ പരഗാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. സഞ്ജു സാംസൺ 27 റൺസെടുത്തു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്, വനിന്ദു ഹസരങ്ക എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. (rajasthan royals royal challengers)
തകർച്ചയോടെ ആയിരുന്നു രാജസ്ഥാൻ്റെ തുടക്കം. സ്കോർബോർഡിൽ 11 റൺസ് മാത്രം ആയപ്പോൾ രാജസ്ഥാന് ദേവ്ദത്ത് പടിക്കലിലെ (7) നഷ്ടമായി. താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. മൂന്നാം നമ്പറിൽ അശ്വിനാണ് ഇറങ്ങിയത്. ബൗണ്ടറികളുമായി ആരംഭിച്ചെങ്കിലും മുഹമ്മദ് സിറാജ് തന്നെ അശ്വിനെയും മടക്കി. 17 റൺസെടുത്ത താരത്തെ സിറാജ് സ്വന്തം ബൗളിംഗിൽ പിടികൂടി. തകർപ്പൻ ഫോമിലുള്ള ജോസ് ബട്‌ലറും (8) വേഗം മടങ്ങി. ബട്‌ലറെ ജോഷ് ഹേസൽവുഡ് സിറാജിൻ്റെ കൈകളിലെത്തിച്ചു.
Read Also : ഐപിഎൽ: രാജസ്ഥാൻ ബാറ്റ് ചെയ്യും
നാലാം നമ്പറിൽ ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ചില മികച്ച ഷോട്ടുകളിലൂടെ രാജസ്ഥാനെ മുന്നോട്ടുനയിച്ചു. ഷഹബാസ് അഹ്മദിനെതിരെ തുടർച്ചയായ രണ്ട് സിക്സറുകൾ നേടി തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്തിരുന്ന സഞ്ജു (27) വീണ്ടും ഹസരങ്കയ്ക്ക് മുന്നിൽ വീണു. ഇത്തവണ ഒരു മോശം ഷോട്ടിനു ശ്രമിച്ച സഞ്ജു വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച സഞ്ജു ക്ലീൻ ബൗൾഡായി. ടൈമിങ് കണ്ടെത്താൻ ഏറെ വിഷമിച്ച ഡാരിൽ മിച്ചൽ (16) ജോഷ് ഹേസൽവുഡിൻ്റെ പന്തിൽ ഗ്ലെൻ മാക്സ്‌വെലിനു ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഷിംറോൺ ഹെട്‌മെയർ (3) ഹസരങ്കയുടെ പന്തിൽ സുയാഷ് പ്രഭുദേശായുടെ കൈകളിൽ അവസാനിച്ചപ്പോൾ ട്രെൻ്റ് ബോൾട്ടിനെ (2) ഹർഷൽ പട്ടേലിൻ്റെ പന്തിൽ കോലി ഉജ്ജ്വലമായി പിടികൂടി. പ്രസിദ്ധ് കൃഷ്ണയെ (2) സുയാഷ് പ്രഭുദേശായ് റണ്ണൗട്ടാക്കി. തുടരെ വിക്കറ്റുകൾ നഷ്ടമാവുമ്പോഴും പൊരുതിയ റിയൻ പരഗാണ് രാജസ്ഥാനെ മാന്യമായ സ്കോറിലെത്തിച്ചത്. 29 പന്തുകളിൽ ഫിഫ്റ്റി തികച്ച പരഗ് 56 റൺസ് നേടി പുറത്താവാതെ നിന്നു.
Story Highlights: rajasthan royals innings royal challengers bangalore ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here