‘ഞാനാരാണെന്നും എന്താണെന്നും ജനങ്ങള്‍ക്കറിയാം, രാജിവെക്കില്ല’; നിലപാട് വ്യക്തമാക്കി ശ്രീലങ്കന്‍ പ്രധാനമന്ത്രി

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ. രാജ്യം കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങള്‍ ഒരുമിച്ച് പരിശ്രമിക്കുമെന്നാണ് മഹിന്ദ രജപക്‌സ രജപക്‌സെ വ്യക്തമാക്കുന്നത്. താന്‍ ആരാണെന്നും എന്താണെന്നും ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാമെന്നും രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മഹിന്ദ രജപക്‌സെ കൂട്ടിച്ചേര്‍ത്തു. (Sri Lanka PM Says He Won’t Resign)
ഗോതബായ രജപക്‌സെ പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെട്ടെന്നും സര്‍വകക്ഷി സര്‍ക്കാരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പ്രതിപക്ഷത്തിന് ഉറപ്പ് നല്‍കിയെന്നും ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വാര്‍ത്തകളെ തള്ളി മഹിന്ദ രജപക്‌സെ രംഗത്തെത്തിയത്.
രാജ്യത്തെ ഉന്നത ബുദ്ധമത നേതാക്കളുടെയും മതനേതാക്കളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സിവില്‍ സംഘടനകളുടെയും അഭ്യര്‍ത്ഥനകള്‍ ഗോതബായ രജപക്‌സെ പരിഗണിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
1948-ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം ശ്രീലങ്ക കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ രാജ്യം കടന്നുപോകുന്നത്. 225 അംഗ പാര്‍ലമെന്റില്‍ 113 സീറ്റുകള്‍ നേടാനാകുന്ന ഏത് ഗ്രൂപ്പിനും സര്‍ക്കാര്‍ കൈമാറുമെന്ന് പ്രസിഡന്റ് ഗോതബയ രജപക്‌സെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയില്‍ ഇപ്പോഴും ക്ഷാമവും വിലക്കയറ്റവും അതിരൂക്ഷമായിത്തന്നെ തുടരുകയാണ്.
എന്നാല്‍ കഴിഞ്ഞയാഴ്ചയും മഹിന്ദ രജപക്‌സെ താന്‍ രാജിവെക്കുകയോ തന്റെ നേതൃത്വമില്ലാതെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമ്മതിക്കുകയോ ചെയ്യില്ലെന്ന് തറപ്പിച്ച് പറഞ്ഞിരുന്നു.
Story Highlights: Sri Lanka PM Says He Won’t Resign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here