നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ കൂടുതല്‍ പേരുടെ മൊഴി കൂടി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം. കേസില്‍ കാവ്യ മാധവന്‍ അടക്കമുള്ളവരുടെ മൊഴി എടുക്കാന്‍ വൈകുന്നതും അന്വേഷണത്തെ ബാധിക്കുന്നതായാണ് വിലയിരുത്തല്‍. പുതിയ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ യോഗം ചേരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കേസിന്റെ തുടന്വേഷണത്തിന് ഇനി 1 മാസവും 3 ദിവസവും മാത്രമാണ് അവശേഷിക്കുന്നത്. കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യനായ സാക്ഷിയാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനുള്ള നീക്കവും ക്രൈം ബ്രാഞ്ച് ആരംഭിച്ചു. ഇതിനായി ബാലചന്ദ്രകുമാറിന് എതിരെ ദിലീപ് ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിച്ച് ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പുതിയ മേധാവി കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം ഏറ്റെടുക്കാത്തത് അന്വേഷണം വൈകാന്‍ ഇടയാക്കിയിട്ടുണ്ട്. പല നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തണമെങ്കിലും മേധാവിയുടെ അനുവദികൂടി വാങ്ങേണ്ട സാഹചര്യം ഉണ്ടെന്നാണ് വിവരം. അതേ സമയം ഉടന്‍ യോഗം ചേര്‍ന്നേക്കുമെന്നാണ് സൂചന. ഇതുവരെ ശേഖരിച്ച മൊഴികളില്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയവരെ കേസില്‍ സാക്ഷിയാക്കാനാണ് തീരുമാനം. വധഗൂഡാലോചന കേസില്‍ സായ് ശങ്കര്‍ മാപ്പ് സാക്ഷിയാക്കും.
Read Also :
അതേസമയം കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുക്കും. ബിഷപ്പിന് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ നേരില്‍ വന്നുകണ്ട ഫാദര്‍ വിക്ടറിന്റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തി. ദിലീപിന് ജാമ്യം ലഭിച്ച ശേഷം ഫാ. വിക്ടര്‍ ദിലീപിനെ കണ്ടിരുന്നു. ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടത് ഫാ. വിക്ടര്‍ മുഖേനെയാണെന്നാണ് ദിലീപിന്റെ ആരോപണം. ഇതില്‍ വ്യക്തത വരുത്താനാണ് വൈദികന്റെ മൊഴിയെടുത്തത്. എന്നാല്‍ താന്‍ ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞ ഫാ.വിക്ടര്‍, ദിലീപിനോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞു.
Story Highlights: actress attack case more statements will be recorded bv crimebranch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here