തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പമ്പയിലെ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫിസിൽ നിന്ന് സ്‌റ്റോക്ക് രജിസ്റ്റർ കണാതായതിൽ വൻഗൂഢാലോചന

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പമ്പയിലെ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫിസിൽ നിന്നും സ്‌റ്റോക്ക് രജിസ്റ്റർ കണാതായതിൽ വൻഗൂഢാലോചന. അഞ്ചു വർഷമായി മുങ്ങിയിരുന്ന രജിസ്റ്ററും ഫയലും 24 വാർത്തയക്ക് പിന്നാലെ പ്രത്യക്ഷപ്പെട്ടു. അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായി ഫയലുകൾ ഓഫീസിലുണ്ടായിരുന്നുവെന്ന് വരുത്താനാണ് നീക്കം. എന്നാൽ ഫയലുകൾ ഓഫീസിലില്ലെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയർക്ക് പമ്പ അസിസ്റ്റന്റ് എഞ്ചിനീയർ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് 24ന് ലഭിച്ചു. ( thiruvithamkoori devaswom board stock register missing )
2016 മുതൽ 2018 വരെ പമ്പയിലെ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിൽ നടത്തിയ ഇടപാടുകളുടെ സ്‌റ്റോക്ക് രജിസ്റ്ററും ഫയലുകളുമാണ് കാണാതായത്. നിലയ്ക്കൽ, പമ്പ, ശബരിമല എന്നിവിടങ്ങളിൽ ബോർഡ് നേരിട്ട് നടത്തുന്ന മരാമത്ത് പണികളുടെ ആധികാരിക രേഖയാണിത്. കരാറുകാർക്ക് സിമന്റും കമ്പിയും നൽകുന്നത് പമ്പ ഓഫീസിൽ നിന്നാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം 24 പുറത്തുവിട്ടു. പിന്നാലെ ദേവസ്വം മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാൽ വർഷങ്ങളായി അപ്രത്യക്ഷമായ ഫയലും രജിസ്റ്ററും വാർത്തയ്ക്ക്് പിന്നാലെ പ്രത്യക്ഷപ്പെട്ടു. ശബരിമല അസിസറ്റന്റ് എഞ്ചിനീറുടെ ഓഫീസിലാണ് ഫയലുകൾ എത്തിയത്. ഫയലുകൾ രണ്ടു മാസം മുമ്പു മുതൽ ഉണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞില്ലെന്നും വരുത്തി അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് ഫയൽ തിരികെ എത്തിച്ചത്. 2019 ൽ നടന്ന ഓഡിറ്റിലോ പിന്നീടോ ഈ ഫയലുകൾ ഓഫിസിൽ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ 24ന് ലഭിച്ചു.
2019 ജൂൺ 19ന് എക്‌സിക്യുട്ടീവ് എഞ്ചിനീറുടെ ഓഫീസിൽ നിന്നും ഓഡിറ്റിനായി ഫയലുകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് അന്നത്തെ പമ്പ അസിസ്റ്റന്റ് എഞ്ചിനീയർ നൽകിയ റിപ്പോർട്ടാണിത്. ഫയലുകൾ, രേഖകൾ, രജിസ്റ്ററുകൾ, ഇൻവോയിസ് എന്നിവ ഒന്നും തന്നെ മുമ്പ് ഉണ്ടായിരുന്ന അസിസ്റ്റന്റ് എഞ്ചിനീയർ തിരിച്ചേൽപ്പിച്ചിട്ടില്ലെന്ന് ഇതിൽ പറയുന്നു. പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടും ഓഫീസിലേക്ക് ഇതു തിരികെ നൽകിയിട്ടില്ല. അതിനാൽ ഓഡിറ്റിനായി ഈ ഫയലുകൾ നൽകാൻ നിർവാഹമില്ലെന്നും ഇതിൽ വ്യക്തമാക്കുന്നു. 2022 മേയ് 23ന് പമ്പ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിൽ നിന്നും നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലും ഫയലുകൾ ഓഫീസിൽ ഇല്ലെന്ന് വ്യക്തമാക്കുന്നു. മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് പമ്പയിൽ പരിശോധന നടത്തിയിരുന്നു. ഇവിടെ മുമ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുകയും ചെയ്തു.
Story Highlights: thiruvithamkoori devaswom board stock register missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here