“ഇവിടെ ആർക്കും ജോലിയില്ലാത്ത സാഹചര്യമില്ല”; ഒരു ഗ്രാമത്തിന്റെ തലവര മാറ്റിയെഴുതിയ മുറുക്ക് ഗ്രാമത്തിലേക്കൊരു യാത്ര…

മുറുക്ക് ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ അത്ഭുതവും കൗതുകവുമെല്ലാം തോന്നുമെങ്കിലും അങ്ങനെ ഒരു ഗ്രാമമുണ്ട്. ആ ഗ്രാമത്തെ പരിചയപ്പെടാൻ നമുക്ക് പാലക്കാടിലേക്ക് പോകാം. മലയാളികളുടെ ഗൃഹാതുര ചായക്കടിയായ അരിമുറുക്ക് ഒരു ഗ്രാമത്തിന്റെ മുഴുവൻ തലവര മാറ്റി മറച്ച കഥയാണ് പറഞ്ഞുവരുന്നത്. പാലക്കാട് കൊല്ലങ്കോടിനടുത്തെ കരിപ്പോട് ഗ്രാമമാണ് ഈ മുറുക്ക് ഗ്രാമമായി അറിയപ്പെടുന്നത്. എന്താണ് മുറുക്ക് ഗ്രാമം? ഒരു ചായക്കടിയിലൂടെ ലോകത്തിന്റെ ഭക്ഷ്യ ഭൂപടത്തിൽ ഇടം നേടിയ ഗ്രാമം. ബെർഗറും സാൻഡ്‌വിച്ചും ഒന്നും നൽകാത്ത പ്രത്യേക രുചി സമ്മാനിക്കുന്ന മുറുക്കുകളാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത.
തമിഴ്‌നാട്ടിലെ കങ്കായം, കാരൂർ ദേശങ്ങളിൽ നിന്ന് നാല് തലമുറ മുമ്പ് കുടിയേറി പാർത്തവരാണ് ഇവിടുത്തെ ഗ്രാമവാസികൾ. പതിറ്റാണ്ടുകളായി മുറുക്ക് നിർമ്മാണം ഇവർക്കൊപ്പമുണ്ട്. മുതുമുത്തച്ഛന്മാരുടെ കാലംമുതലെ കൈമാറി വന്ന തൊഴിലാണിത്. ഇവിടുത്തെ പത്ത് നൂറ് കുടുംബങ്ങൾ ഈ തൊഴിൽ കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ്. ഗ്രാമത്തിലെ സ്ത്രീകൾ എല്ലാം രാവിലെ മുതൽ മറ്റു ജോലികൾ തീർത്ത് മുറുക്ക് നിർമ്മാണത്തിന് തയ്യാറാകും.
അയ്യായിരം മുറുക്കുകൾ വരെ നിർമ്മിക്കുന്ന വീടുകൾ ഇവിടെ ഉണ്ട്. കേരള മുറുക്കിന് നല്ല ടേസ്റ്റ് ആയതിനാൽ ഇപ്പോൾ വിദേശ രാജ്യങ്ങളിലേക്കും മുറുക്ക് കയറ്റി അയക്കുന്നുണ്ട് എന്നാണ് ഇവിടുത്തുകാർ പറയുന്നത്. കരിപ്പോട് വന്ന് പഠനം നടത്തിയ വിദേശ സംഘം ഭാഷ മാധ്യമങ്ങളിൽ ഇവിടുത്തെ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് വാനോളം പുകഴ്ത്തി. അവർ പറഞ്ഞ സംഗതി സത്യം തന്നെയാണ് ഇവിടെ ആർക്കും ജോലിയില്ലാത്ത സാഹചര്യമില്ല. എല്ലാവർക്കും ചെറുതെങ്കിലും വരുമാനം ഉണ്ട്.
മായങ്ങളില്ലാത്ത രുചിയെന്ന ട്രേഡ് മാർക്കാണ് കരിപ്പോട് മുറുക്കിനെ ശ്രദ്ധേയമാക്കുന്നത്. ഇതിൽ ഒരു മായവും ഞങ്ങൾ ചേർക്കാറില്ല. ഇതിൽ പുഴുങ്ങലരിയും പൊരികടല, ജീരകം, ഡാൽഡ, ഓയൽ ഇതു മാത്രമാണ് ഉപയോഗിക്കുന്നത്. എന്നിട്ട് ഉപ്പിട്ട് കുഴക്കുകയാണ് എന്നും മുറുക്ക് നിർമാതാക്കളിൽ ഒരാൾ പറഞ്ഞു. സ്ത്രീകൾ തന്നെ നിർമിച്ച് പാക്ക് ചെയുന്ന മുറുക്ക് കോയമ്പത്തൂരിലേക്കും പ്രാദേശികമായും നൽകുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഇടനിലക്കാർ വഴിയും മുറുക്ക് കയറ്റി അയക്കുന്നുണ്ട്. കൂടാതെ രണ്ട് മുറുക്ക് നിർമ്മാണ കമ്പനികളും ഗ്രാമത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഒരുകാലത്ത് വള്ളുവ നാടിൻറെ ഉത്സവ കാഴ്ചകളിലെ അവിഭാജ്യ ഘടകമായിരുന്നു ഈ മുറുക്കുകളെങ്കിൽ ഇപ്പോൾ ഇവ എത്തുന്നത് വിദേശ രാജ്യങ്ങളിലെ തീൻ മേശകളിലേക്ക് വരെയാണ്. ഇവിടെ ഓരോ വീടുകളിലും സ്ത്രീകൾക്ക് സ്വയം തൊഴിലുണ്ട്. അതുകൊണ്ട് തന്നെ സ്വന്തമായി വരുമാനവും ഇവർക്കുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here