പിസി ജോർജിനെ കാണാൻ എആർ ക്യാമ്പിൽ വി മുരളീധരനെത്തി

എആർ ക്യാമ്പിലെത്തിച്ച പിസി ജോർജിനെ കാണാൻ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനെത്തി. രാജ്യദ്രോഹ മുദ്യാവാക്യം ഉൾപ്പടെ വിളിക്കാൻ സ്വാതന്ത്ര്യം കൊടുക്കണമെന്ന് പറയുന്ന പാർട്ടിയായ സിപിഐഎം പിസി ജോർജിനെ ഇക്കാര്യത്തിൽ വേട്ടയാടുകയാണ്. ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ പിടിക്കാൻ കാണിക്കാത്ത തിടുക്കമാണ് ഇക്കാര്യത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ കാട്ടുന്നത്. യൂത്ത് ലീഗിന്റെ പരാതിയിൽ ആരെയും അകത്തിടാമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇത് ആരെ പ്രീണിപ്പിക്കാനാണെന്ന് എല്ലാവർക്കുമറിയാം. പിസി ജോർജിനെ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വിശദമായി പ്രതികരിക്കാമെന്ന് വി മുരളീധരൻ അറിയിച്ചു.
പിസി ജോർജിനെ കൊണ്ടുപോകുന്ന വാഹനവും പൊലീസ് വാഹനവും വട്ടപ്പാറയ്ക്ക് സമീപം തടഞ്ഞ് നിർത്തി ബിജെപി പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചിരുന്നു. ഇവിടെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുക്കുന്ന ബിജെപിയുടെ ഒരു പരിപാടി നടക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന പ്രവർത്തകരാണ് അഞ്ച് മിനിട്ടോളം വാഹനം തടഞ്ഞ് പിസി ജോർജിന് അഭിവാദ്യമർപ്പിച്ചത്. പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റിയശേഷമാണ് പിസി ജോർജിനെയും കൊണ്ട് വാഹനം മുന്നോട്ട് നീങ്ങിയത്. എല്ലാം കോടതിയിൽ പറയാമെന്നാണ് പിസി ജോർജ് പ്രതികരിച്ചത്.
Read Also : പിസി ജോർജിനെ കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ
നിയമത്തിന്റെ പരിധി ലംഘിക്കുന്ന തരത്തിലുള്ള പരാമർശമാണ് പിസി ജോർജ് നടത്തിയതെന്നും ഇതിന്റെ ഫലം അദ്ദേഹം അനുഭവിക്കണമെന്നും സെബാസ്റ്റ്യൻ പോൾ ട്വന്റിഫോറിനോട് പറഞ്ഞു. അടുത്ത കാലത്തായി ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ കൂടിവരുകയാണ്. മത സൗഹാർദം ഇപ്പോൾ ലോലമായ അവസ്ഥയിലാണ്. അത് തകർക്കുന്ന സമീപനമാണ് പിസി ജോർജ് സ്വീകരിച്ചിരിക്കുന്നത്. എന്തും വിളിച്ചുപറയാമെന്ന തോന്നലാണ് പിസി ജോർജിനുള്ളത്. സമുദായങ്ങളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള മലീമസമായ വാക് പ്രയോഗങ്ങൾ ക്രിമിനൽ കുറ്റമാണെന്നും സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കി.
വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ മകൻ ഷോൺ ജോർജ് പ്രതികരിച്ചിരുന്നു. പിസി ജോർജ് എവിടിയെങ്കിലും ഓടിപ്പോകുന്ന വ്യക്തിയല്ലെന്നും വിളിച്ചാൽ തിരുവനന്തപുരത്ത് വന്ന് ഹാജരായേനെയെന്നും ഷോൺ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പിസി ജോർജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങൾ പാനീയത്തിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്നും, മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും പിസി ജോർജ് ഇന്നലത്തെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോർജ് പറഞ്ഞു.
Story Highlights: V Muraleedharan came to the AR camp to meet PC George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here