Advertisement

സന്തോഷ് ട്രോഫി കേരളം ബംഗാൾ ഫെെനൽ ഇന്ന്; സുവർണ കിരീടത്തിൽ മുത്തമിടാൻ കേരളം

May 2, 2022
Google News 2 minutes Read

ആതിഥേയരായ കേരളവും കരുത്തരായ പശ്ചിമ ബംഗാളും തമ്മിലുള്ള സന്തോഷ് ട്രോഫി ഫൈനൽ ഇന്ന് രാത്രി എട്ടുമുതൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ ഫുട്‌ബോളിന്റെ ശക്തിസൗന്ദര്യങ്ങൾ മുഖാമുഖം. ഹൃദയം പറിച്ചുനൽകിയ ആരാധകർക്ക് സുവർണ കിരീടത്തിൽ കുറഞ്ഞതൊന്നും നൽകാൻ കേരളം ആഗ്രഹിക്കുന്നില്ല. അപ്പുറത്ത് ചരിത്രത്തിൽ ഒരു തൂവൽകൂടി തുന്നിച്ചേർക്കാൻ ബംഗാൾ. ദേശീയ ഫുട്‌ബോളിൽ ഇതൊരു ക്ലാസിക്‌ വിരുന്നാകും.

സാധ്യതയിൽ കേരളത്തിനാണ് മുൻതൂക്കം. ഗ്രൂപ്പ് എ യിൽ ഒന്നാംസ്ഥാനക്കാരായാണ് വരവ്. തോൽവിയറിയാത്ത മുന്നേറ്റം. ബംഗാളിനെ രണ്ട് ഗോളുകൾക്ക് തകർത്ത മികവ്. സെമിയിൽ കർണാടകയെ ഏഴ് ഗോളിന് തകർത്ത വീര്യം. ഒത്തൊരുമ. സുശക്തമായ മുന്നേറ്റനിര. ഏത് പ്രതിരോധവും തകർക്കാനുള്ള കരുത്ത്. മുന്നേറ്റക്കാരും മധ്യനിരക്കാരും തമ്മിലുള്ള കൂട്ടായ്‌മ. അസാമാന്യ വേഗം, പന്തടക്കം. നിർണായക തീരുമാനമെടുക്കാൻ കരുത്തുള്ള തന്ത്രശാലിയായ കോച്ച്. എല്ലാത്തിനുമുപരി കാലിൽ ഊർജം നിറയ്ക്കുന്ന ആൾക്കൂട്ടാരവം.

സ്വന്തം മണ്ണിൽ കപ്പുയർത്താൻ ഇതിനേക്കാൾ നല്ല അവസരം കിട്ടാനില്ല. പക്ഷേ, പ്രതീക്ഷകളുടെ ആകാശത്ത് വിള്ളൽ വീഴ്‌ത്തുന്നത് പ്രതിരോധത്തിലെ പാളിച്ചകളാണ്. ഗോളടിക്കുന്ന വേഗത്തിൽ തിരിച്ചുവാങ്ങുന്ന അപകടം. കഴിഞ്ഞ കളികളിലെ വീഴ്ചകൾ മറികടക്കുമെന്ന കോച്ച് ബിനോ ജോർജിന്റെ വാ​​ഗ്‌ദാനം നടപ്പായാൽ ജിജോ ജോസഫിനും ടീമിനും കപ്പുയർത്താം. കേരളത്തിൽ നടന്ന ആറ് ഫൈനലിൽ രണ്ടെണ്ണത്തിൽമാത്രമാണ് വിജയം. പയ്യനാട് അത് തിരുത്തുമെന്ന് ഉറപ്പിക്കാൻ കേരളം വിയർപ്പൊഴുക്കണം. ടി കെ ജെസിൻ, അർജുൻ ജയരാജ്, ഗോളി മിഥുൻ എന്നിവരുടെ പരിക്കും കേരളത്തെ വേട്ടയാടുന്നുണ്ട്.

ചരിത്രം ബംഗാളിന് നൽകുന്ന കരുത്ത് ചെറുതല്ല. എതിരാളികൾക്കനുസരിച്ച് തന്ത്രങ്ങൾ മെനയുകയാണ് ശൈലി. അതുകൊണ്ട് ഓരോ കളിയിലും പുതിയ രീതികൾ. ഏത് ടീമിനോടും ഏറ്റുമുട്ടാൻ കരുത്തുറ്റ യുവനിര. ലീഗ് ടൂർണമെന്റ് കളിച്ച് പരിചയസമ്പന്നരായ താരങ്ങൾ. മുന്നേറ്റനിരപോലെ സുശക്തമായ പ്രതിരോധം. ഗ്രൂപ്പിൽ കേരളത്തോട് തോറ്റ ബംഗാളിനെയാകില്ല ഇനി കാണുകയെന്ന് കോച്ച് രഞ്‌ജൻ ഭട്ടാചാര്യ മുന്നറിയിപ്പ് നൽകുന്നു. കണക്കിൽ കാര്യമില്ലെന്ന് ഫുട്ബോൾ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 90 മിനിറ്റിനിടയിലെ മാസ്മരികത. കളിയഴക്. ഗോൾ വേട്ട. ആര് വാണാലും വീണാലും അത് ചരിത്രം.സ്‌റ്റേഡിയത്തിൽ നേരത്തെ എത്തണം.

Story Highlights: Santosh Trophy Kerala Bengal Final Today; Kerala to clinch gold crown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here