വയനാട്ടിൽ ഭക്ഷ്യവിഷബാധ; ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന

തിരുവനന്തപുരത്ത് നിന്ന് വയനാട്ടിൽ എത്തിയ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി. വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഇവിടെയാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.
ഭക്ഷ്യ ബാധയെ തുടർന്ന് ആറ് പേരെ കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 23 അംഗ വിനോദ സഞ്ചാരി സംഘത്തിൽ 18 പേർക്ക് അസ്വസ്ഥത ഉണ്ടായി. നാല് പേർക്ക് അവശത അനുഭവപ്പെട്ടു. ഭക്ഷ്യവിഷ ബാധയേറ്റത് ഈ ഹോട്ടലിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. മേപ്പാടിയിലുള്ള ഹോട്ടലിൽ നിന്നും സംഘം ഭക്ഷണം കഴിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കാസർകോട് ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാർത്ഥി മരിച്ചതും വലിയ വാർത്തയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്. മൂന്ന് പേർ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. ഇതിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തി. നാല് കുട്ടികൾ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: Food poisoning in Wayanad; Food safety section inspection at the hotel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here