കാന്‍സര്‍ ശസ്ത്രക്രിയ; റഷ്യന്‍ പ്രസിഡന്റ് അവധിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ കാന്‍സര്‍ ശസ്ത്രക്രിയയ്ക്കായി അവധിയില്‍ പ്രവേശിച്ചെന്ന് റിപ്പോര്‍ട്ട്. പുടിന്റെ വിശ്വസ്തനും സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയുമായ നിക്കോളായി പട്രുഷേവിനെ പകരം ചുമതലയേല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.
പാര്‍ക്കിന്‍സണ്‍സ് രോഗമുള്‍പ്പെടെ പുടിനെ അലട്ടുന്നുണ്ടെന്നാണ് വിവരം. അര്‍ബുദ ശസ്ത്രക്രിയയ്ക്കായി കുറച്ചുകാലം പ്രസിഡന്റ് അവധിയില്‍ പ്രവേശിക്കുമെന്ന് അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മുന്‍ റഷ്യന്‍ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസ് ലഫ്റ്റനന്റ് ജനറല്‍ നടത്തുന്നതെന്നു പറയപ്പെടുന്ന ടെലഗ്രാം ചാനലായ ജനറല്‍ എസ് വി ആറിനെ ഉദ്ധരിച്ചാണ് യുഎസ് മാധ്യമത്തിന്റെ വാര്‍ത്ത.
കഴിഞ്ഞ കുറച്ചുകാലങ്ങളായി വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പുടിനെ അലട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭരണമാറ്റം സംബന്ധിച്ച് നിക്കോളായി പട്രുഷേവുമായി പുടിന്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തി. സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റുന്നത് പട്രുഷേവിനെയാണെന്നും ആരോഗ്യനില കൂടുതല്‍ മോശമായാല്‍ സര്‍ക്കാരിന്റെ പൂര്‍ണചുമതല പട്രുഷേവിനായിരിക്കുമെന്നും പുടിന്‍ അദ്ദേഹത്തെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പട്രുഷേവ് പുടിനെക്കാള്‍ ക്രൂരനാണെന്നും അദ്ദേഹം അധികാരത്തിലെത്തിയാല്‍ റഷ്യയുടെ പ്രശ്‌നങ്ങള്‍ പല മടങ്ങായി വര്‍ധിക്കുമെന്നുമാണ് ടെലഗ്രാം ചാനലില്‍ പറയുന്നത്.
Read Also : ഈ യുദ്ധത്തില്‍ വിജയികളില്ല; സമാധാനത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് യുക്രൈന്‍ വിഷയത്തില്‍ മോദി
എന്നാല്‍ അധിക കാലത്തേക്ക് പുടിന്‍ ഭരണം കൈമാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണ മാറ്റം സംബന്ധിച്ച വാര്‍ത്ത റഷ്യ സ്ഥിരീകരിച്ചിട്ടില്ല. വാര്‍ത്തയിലെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ യുഎസ് പ്രതിരോധ മന്ത്രാലയത്തിനും കഴിഞ്ഞിട്ടില്ല. പുടിന്റെ ആരോഗ്യം സംബന്ധിച്ച് സമാനമായ വിവരങ്ങള്‍ അമേരിക്കയുടെ പക്കല്‍ ഇല്ലെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.
Story Highlights: vladimir putin go for cancer treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here