Advertisement

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് പറയുന്നവർക്ക് വേറെ ഉദ്ദേശം’; ഡബ്ല്യൂസിസിക്കെതിരെ സജി ചെറിയാൻ

May 4, 2022
Google News 1 minute Read

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെടുന്ന ഡബ്ല്യൂ സിസിക്കെതിരെ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സർക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ അംഗീകരിച്ചാണ് തുടർ നടപടികളിലേക്ക് നടക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടുകയെന്നതിനേക്കാൾ ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുകയാണ് വേണ്ടെതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ ജോലിക്ക് കരാർ അടക്കം പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത യോഗത്തിന് മുന്നോടിയായാണ് മന്ത്രിയുടെ പ്രതികരണം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പിന്റെ കരട് നിര്‍ദേശം പുറത്ത്. സിനിമ മേഖലയുടെ പ്രവര്‍ത്തനത്തിനായി സമഗ്ര നിയമത്തിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റില്‍ മദ്യം പൂര്‍ണമായി തടയുന്നതും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങള്‍ നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Read Also : ക്രിമിനലുകളെ സെറ്റില്‍ നിന്ന് നീക്കണം, തുല്യവേതനം നല്‍കണം; ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ കരട് നിര്‍ദേശം പുറത്ത്

സിനിമയില്‍ തുല്യ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷനും തുല്യവേതനം നല്‍കണമെന്നതാണ് സുപ്രധാന നിര്‍ദേശം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഷൂട്ടിംഗ് സൈറ്റുകളില്‍ നിന്ന് ഒഴിവാക്കും. കൃത്യമായ കരാര്‍ വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കാന്‍ ഫിലിം കമ്പനികള്‍ തയാറാകണം. സ്ത്രീകള്‍ക്ക് ഷൂട്ടിംഗ് സൈറ്റുകളില്‍ നിന്ന് താമസ സ്ഥലത്തേക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണം. സൈറ്റുകളില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശമുണ്ടായാല്‍ നടപടി വേണം. സ്ത്രീകളോട് മാന്യമായി മാത്രം എല്ലാവരും പെരുമാറണമെന്നും നിര്‍ദേശമുണ്ട്. സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

Story Highlights: Saji Cherian against WCC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here