Advertisement

കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ എഡിഎം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു

May 6, 2022
1 minute Read

കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ എഡിഎം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ നേരത്തെ നടപടിയെടുക്കാത്തത് വീഴ്ച്ചയെന്ന് റിപ്പോർട്ടിൽ പരാമർശം. അതേസമയം ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള 21 പേർ കൂടി ആശുപത്രി വിട്ടു.

ആരോഗ്യ – ഭക്ഷ്യാസുരക്ഷാ വിഭാഗങ്ങൾ നടത്തേണ്ട പരിശോധനകളിലെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടുന്നതാണ് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പാർട്ട്. ലൈസൻസ് കാലാവധി പൂർത്തിയായ സ്ഥാപനം പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിച്ചത് കൃത്യമായി പരിശോധന നടക്കാത്തതുകൊണ്ടാണെന്ന പരോക്ഷ വിമർശനം റിപ്പോർട്ടിലുണ്ട്. സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റോ, തൊഴിലാളികളുടെ ആരോഗ്യ കാര്‍ഡോ ഇല്ലാതെയാണ് നിലവിൽ സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് അധികൃതർ ലൈസൻസ് അനുവദിക്കുന്നത്. ഇതിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ കൃത്യമായ നിരീക്ഷണമില്ലാത്തത് പാളിച്ചയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചെറുവത്തൂർ പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന്‍റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് അന്വേഷണ ചുമതലയുണ്ടായിരുന്ന എഡിഎം എകെ രമേന്ദ്രന്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചത്. നിലവിൽ പതിമൂന്ന് പേരാണ് ചികിത്സയിലുള്ളത്.

ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ഐഡിയൽ കൂൾബാറിലെ ഭക്ഷ്യസാമ്പിളുകൾ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്കയച്ച സാമ്പിളുകളിലാണ് സാന്നിധ്യം കണ്ടെത്തിയത്. ഷവർമ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജിയണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്തതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വെള്ളിയാഴ്ച കാസർകോട് ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാവുകയും ഒരു വിദ്യാർത്ഥി മരണപ്പെടുകയും ചെയ്തത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ (16) ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്.

Story Highlights: kasaragod food poison report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top