”സുകുമാരൻ നായർ തനിക്ക് പിതൃതുല്യൻ”; ഉമ തോമസ് എൻ എസ് എസ് ആസ്ഥാനത്ത്

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് എൻ എസ് എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ടു. പെരുന്നയിലെത്തിയത് അനുഗ്രഹം വാങ്ങാനാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി പിടി തോമസിന് ആത്മബന്ധമാണുണ്ടായിരുന്നതെന്നും ഉമ തോമസ് പറഞ്ഞു. സുകുമാരൻ നായർ തനിക്ക് പിതൃതുല്യനാണെന്നും തന്റെ സന്ദർശനത്തെ ഏതുതരത്തിൽ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വീട് കയറിയുള്ള പ്രചാരണം തുടരുകയാണ്. എതിര് സ്ഥാനാര്‍ത്ഥിയെക്കൂടി പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ പ്രചാരണത്തിനും വേഗതയേറും. പടമുകള്‍ ജുമാ മസ്ജിദ്, തൃക്കാക്കര ഈസ്റ്റ്, തൃക്കാക്കര സെന്‍ട്രല്‍ എന്നിവിടങ്ങളിലാണ് ഇന്ന് ഉമ തോമസിന്റെ പ്രചാരണം. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്കും ഇന്ന് മുതല്‍ തുടക്കമാകും. വരു ദിവസങ്ങളില്‍ ഇരു മുന്നണികളുടെയും പ്രമുഖ നേതാക്കള്‍ ജില്ലയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണത്തില്‍ സജീവമാകും. വികസന ചര്‍ച്ചകളും ആരോപണ പ്രത്യാരോപണങ്ങളുമായി ശക്തമായ രാഷ്ട്രീയ പോരാട്ടത്തിലേക്ക് തൃക്കാക്കര കടക്കുകയാണ്.
തൃക്കാക്കരയിലെ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകും. എ.എന്‍. രാധാകൃഷ്ണന്, എസ്. ജയകൃഷ്ണന്, ടി.പി. സിന്ധുമോള്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ഇന്ന് കോഴിക്കോട് ചേരുന്ന കോര്‍ കമ്മിറ്റിയിലാകും തീരുമാനം. ട്വന്റി ട്വന്റിയുടെ പിന്തുണയോടെ മത്സരിക്കുന്ന ആം ആദ്മിയും സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ അതിവേഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ ശ്രമം.
Read Also : ഒരു സ്ഥാനവും ലഭിക്കാതെ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സാധാരക്കാരാണ് തന്റെ കരുത്ത്: ഉമ തോമസ്
അതേസമയം, തൃക്കാക്കരയിൽ എല്‍ഡിഎഫിനായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.വി. തോമസ് പ്രചാരണത്തിനിറങ്ങിയാല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അറിയിച്ചു. കെ.വി. തോമസ് അത്രവലിയ ശ്രദ്ധാകേന്ദ്രമല്ല. പാര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ നടപടിയുണ്ടാകും. ഈ തെരഞ്ഞടുപ്പിന്റെ മുഖത്ത് കെ.വി. തോമസ് ഒരു വിഷയമേയല്ലെന്നും കെ.സുധാകരന് പറഞ്ഞു.
നല്ല പരിചയ സമ്പന്നരാണ് അച്ചടക്ക സമിതിയിലുള്ളത്. എന്ത് വേണമെന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. നമുക്ക് അതിനകത്ത് ഇടപെടാനുള്ള അവകാശമില്ല. ബാക്കി അച്ചടക്ക നടപടികള്‍ സ്വീകരിക്കേണ്ടത് ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്നാണ്. ഞങ്ങള്‍ക്ക് ഹൈക്കമാന്‍ഡില്‍ പൂര്‍ണ വിശ്വാസമാണ്. ആവശ്യത്തിനും സാഹചര്യത്തിനും അനുസരിച്ചത് യുക്തിക്കനുസരിച്ചുള്ള തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും കെ. സുധാകരന് ട്വിന്റിഫോറിനോട് പ്രതികരിച്ചിരുന്നു.
Story Highlights: Uma Thomas at NSS headquarters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here