‘സില്‍വര്‍ലൈന്‍ പദ്ധതിക്കായി കെ റെയില്‍ പറയുന്നതിന്റെ ഇരട്ടി തുക വേണം’; കണക്കുകള്‍ നിരത്തി നീതി ആയോഗ്

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കെ റെയില്‍ പറയുന്നതിനേക്കാള്‍ ഇരട്ടിത്തുക വേണമെന്ന് നീതി ആയോഗ്. 63,940 കോടി രൂപയെന്ന കെ റെയില്‍ ഡിപിആര്‍ എസ്റ്റിമേറ്റ് തള്ളിക്കൊണ്ടായിരുന്നു നീതി ആയോഗിന്റെ വിശദീകരണം. പദ്ധതി ചെലവ് ഏകദേശം 1.3 ലക്ഷം കോടി രൂപ വരുമെന്നാണ് നീതി ആയോഗിന്റെ കണക്കുകൂട്ടല്‍. (niti ayog reject silverline estimate)
ഡിപിആറില്‍ ഒരു കിലോമീറ്ററിന് 121 കോടി രൂപ ചെലവെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഈ തുക പര്യാപ്തമാകില്ലെന്നും 238 കോടി രൂപ വേണ്ടിവരുമെന്നുമാണ് നീതി ആയോഗ് കണക്കാക്കുന്നത്. 2020 സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാരുമായി നീതി ആയോഗ് നടത്തിയ ആശയവിനിമയത്തിന്റെ രേഖയിലാണ് ഈ വിവരങ്ങളുള്ളത്. 2020 ലെ വിപണി വില അനുസരിച്ചുള്ള കണക്കുകളാണിത്. വിലക്കയറ്റം കണക്കാക്കുമ്പോള്‍ തുക വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഒഴിവാക്കിയാല്‍ 49,918 കോടി രൂപ ചെലവില്‍ പദ്ധതി തീര്‍ക്കാനാകുമെന്നായിരുന്നു കെ റെയിലിന്റെ കണക്കുകൂട്ടല്‍ .എന്നാല്‍ ഇതിന് യാതൊരു സാധ്യതയുമില്ലെന്നാണ് നീതി ആയോഗിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. തന്റെ കണക്കുകൂട്ടല്‍ പ്രകാരം പദ്ധതിക്ക് ആകെ 1.5 ലക്ഷം കോടി രൂപയാകുമെന്ന് റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ പറഞ്ഞിരുന്നു. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ സാമ്പത്തികമായി തകര്‍ക്കുമെന്നും ഡി പി ആറില്‍ പറയുന്ന തുകയില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവും മുന്‍പ് വിമര്‍ശിച്ചിരുന്നു.
Story Highlights: niti ayog reject silverline estimate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here