മഴ മുന്നറിയിപ്പ്: ‘ഓപ്പറേഷന്‍ ജലധാര’ ഉടൻ പൂര്‍ത്തീകരിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം ജില്ലയെ വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി രുപീകരിച്ച ഓപ്പറേഷന്‍ ജലധാര പദ്ധതിയുടെ പൂര്‍ത്തീകരണം മെയ് 15 ന് മുന്‍പായി നടത്തണമെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.
കാലവര്‍ഷത്തിന് മുന്നോടിയായി ജില്ലയിലെ പ്രധാന നദികളായ നെയ്യാര്‍, കരമന, കിള്ളി, വാമനപുരം, മാമം നദികളിലും അവയുടെ പോഷകനദികളിലും അടിഞ്ഞ് കൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതാണ് പദ്ധതി. ഈ നദികളിലെ 94 സ്ഥലങ്ങളില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോ-ചെയര്‍പേഴ്സണായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി സി.ഇ.ഒ കണ്‍വീനറുമായ ജില്ലാതല സമിതിക്കാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല.
ജില്ലയിൽ വെള്ളപ്പൊക്കം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. കാലവർഷത്തിന് മുന്നോടിയായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. ഓരോ നദിയുടെയും സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജലസേചന വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ നേതൃത്വം നൽകും. പഞ്ചായത്തുകളുടെ സഹായത്തോടെ തൊഴിലുറപ്പ് പ്രവർത്തകർ വിവിധ മെഷീനുകൾ ഉപയോഗിച്ചാണ് നദികൾ ശുചീകരിക്കുന്നത്.
Story Highlights: operation jaladhara should be completed soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here