Advertisement

സിപിഐഎം ആദ്യ പി.ബി യോഗം ഇന്ന്; ചുമതലകൾ പുതുക്കി നിശ്ചയിക്കും

May 9, 2022
2 minutes Read

രണ്ടു പുതുമുഖങ്ങളുള്ള സിപിഐഎം പൊളിറ്റ് ബ്യൂറോയുടെ ആദ്യം യോഗം ഇന്ന് ‍ഡൽഹിയിൽ ചേരും. എ വിജയരാഘവൻ, രാമചന്ദ്ര ഡോം, അശോക് ധാവ്ലെ എന്നീ പുതുമുഖങ്ങളാണ് കണ്ണൂരിൽ സിപിഐഎം പൊളിറ്റ് ബ്യൂറോയിലെത്തിയത്. ദളിത് വിഭാഗത്തിൽ നിന്നുള്ള രാമചന്ദ്ര ഡോമിനെ ഉൾപ്പെടുത്തി സിപിഐഎം ചരിത്രം കുറിച്ചു. പാർട്ടിയെ അഖിലേന്ത്യ തലത്തിൽ ശക്തമാക്കാൻ ചുമതലകൾ പുതുക്കി നിശ്ചയിക്കുക എന്നതാണ് പിബിയുടെ പ്രധാന വെല്ലുവിളി.

പിബി അംഗങ്ങളുടെ പ്രവർത്തനം രണ്ടുവർഷത്തിലൊരിക്കൽ വിലയിരുത്താനുള്ള തീരുമാനം പോലും നടപ്പാക്കുന്നില്ല എന്ന് സംഘടന റിപ്പോർട്ട് പറയുന്നുണ്ട്. പ്രാദേശിക പ്രക്ഷോഭങ്ങൾ വളർത്തുന്നതിനും ഇടതുജനാധിപത്യ കൂട്ടായ്മകൾ ഉണ്ടാക്കുന്നതിനുമായില്ല. ദൈനംദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാർട്ടിക്ക് കൂടുതൽ ശ്രദ്ധ. പാർലമെന്ററി പ്രവണതയും പിന്തിരിപ്പൻ രീതികളും അടിസ്ഥാന കടമകൾ പൂർത്തിയാക്കുന്നതിൽ തടസമായി.

അടുത്ത കേന്ദ്രകമ്മിറ്റി ശക്തമായ തിരുത്തൽ നടപ്പാക്കണം എന്നാണ് പാർട്ടി കോൺഗ്രസ് നിർദ്ദേശിച്ചത്. 10 പൊളിറ്റ് ബ്യൂറോ അംഗങ്ങൾ പാർട്ടി സെന്ററിൽ നേരത്തെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈ സംഖ്യയിൽ മാറ്റം വരില്ല. എസ് രാമചന്ദ്രൻ പിള്ളയ്ക്ക് പകരം പിബിയിലെത്തിയ എ വിജയരാഘവൻ കേന്ദ്രതലത്തിൽ പ്രവർത്തിക്കാനാണ് ധാരണ. എസ്ആർപി കാർഷിക സബ് കമ്മിറ്റിയുടെ കൺവീനർ, ഫിനാൻസ് കമ്മിറ്റി കൺവീനർ, കേന്ദ്ര അച്ചടക്ക സമിതി അധ്യക്ഷൻ എന്നീ നിലകളിലാണ് പ്രവർത്തിച്ചിരുന്നത്.

ഡോക്ടർമാരുടെ ഫ്രാക്ഷന്റെയും ബീഹാറിന്‍റെ ചുതതലയും എസ്ആർപിക്കുണ്ടായിരുന്നു. ഇതിൽ ചില ചുമതലകൾ എ വിജയരാഘവൻ, അശോക് ധാവ്ലെ എന്നിവർക്കായി വീതിച്ചു നൽകിയേക്കും. എം.എ.ബേബിക്കു ഇപ്പോൾ രാജ്യാന്തര കാര്യങ്ങളുടെയും സാംസ്കാരിക ഫ്രാക്ഷന്റെയും ചുമതലയാണ് ഉള്ളത്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ബേബിയെ തേടിയെത്താനുള്ള സാധ്യതയുണ്ട്. സംഘടന ചുമതല ഇപ്പോൾ പ്രകാശ് കാരാട്ടിനാണ്. കാരാട്ട് ഇതൊഴിയൊണം എന്ന് അഭിപ്രായപ്പെടുന്ന പിബി അംഗങ്ങളുണ്ട്. പശ്ചിമ ബംഗാളിൽ നിന്ന് മൊഹമ്മദ് സലിം, സൂര്യകാന്ത് മിശ്ര, രാമചന്ദ്ര ഡോം എന്നിവരാണ് പിബിയിൽ ഉള്ളത്. രാമചന്ദ്ര ഡോമിന് ദേശീയതലത്തിൽ കൂടുതൽ ഉത്തരവാദിത്തം നല്കാനാണ് സാധ്യത.

പുതിയ കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിച്ച് അടുത്ത നേതൃത്വത്തെ ഉയർത്തിക്കൊണ്ടു വരിക എന്ന നിർദ്ദേശവും പാർട്ടിക്കു മുന്നിലുണ്ട്. കഴിഞ്ഞ മൂന്നു വർഷവും കേന്ദ്ര സെക്രട്ടറിയേറ്റുണ്ടായിരുന്നില്ല. ഇക്കാര്യത്തിലെ ചർച്ചയും പൊളിറ്റ് ബ്യൂറോയിൽ നടക്കും. അടുത്ത കേന്ദ്രകമ്മിറ്റി യോഗം കേന്ദ്രസെക്രട്ടറിയേറ്റ് അംഗങ്ങളുടെ കാര്യത്തിൽ അവസാന തീരുമാനം എടുക്കും. കേന്ദ്ര സെക്രട്ടറിയേറ്റിൽ വനിത പ്രാതിനിധ്യവും ഉറപ്പാക്കിയേക്കും.

കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ തോമസ് ഐസക് ഉൾപ്പടെ ചിലർക്ക് അഖിലേന്ത്യ തലത്തിലെ ഉത്തരവാദിത്തം നൽകുന്നതും ആലോചിക്കും.

Story Highlights: CPI (M) first PB meeting today; Tasks will be revised

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top