Advertisement

നാളെ ശമ്പളം നൽകാനാവില്ലെന്ന് സൂചന നൽകി മന്ത്രി ആന്റണി രാജു

May 9, 2022
2 minutes Read
KSRTC

കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം നൽകുന്നത് അസാധ്യമാണെന്ന സൂചന നൽകി ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. സർക്കാരിന്റെ അഭ്യർത്ഥന കേൾക്കാതെ പണിമുടക്കിയതോടെ 10ന് ശമ്പളം നൽകുകയെന്ന കാര്യം അപ്രസക്തമായി. പണിമുടക്ക് നടത്തിയവർ തന്നെയാണ് ശമ്പളം വൈകുന്നതിന് മറുപടി പറയേണ്ടത്. സമരം മൂലം സാമ്പത്തിക നഷ്ടമുണ്ടാവുകയും പത്തിന് ശമ്പളം കൊടുക്കാമെന്ന മാനേജ്മെന്റിന്റെ കണട്ടുകൂട്ടൽ തെറ്റുകയും ചെയ്തു. സർക്കാർ 30 കോടിയുടെ സഹായമാണ് നൽകിയതെന്നും അധികസഹായം കൊടുക്കുന്നത് ആലോചനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ സിപിഐ സംസ്ഥാന സെക്രട്ടി കാനം രാജേന്ദ്രന് മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി രാജു നേരത്തേ രം​ഗത്തെത്തിയിരുന്നു. ജോലി ചെയ്താൽ കൂലി കൊടുക്കണം എന്നത് കാനത്തിന്റെ മാത്രല്ല തന്റെയും അഭിപ്രായമാണെന്നും കൊവിഡ് സമയത്ത് ജോലി ചെയ്യാതിരുന്നപ്പോഴും സർക്കാർ കൂലി കൊടുത്തിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു.

Read Also : പണിമുടക്കിൽ പങ്കെടുത്തില്ല; വയനാട്ടിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം

കെഎസ്ആർടിസി പണിമുടക്കിന് പിന്നിൽ നിലവിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയമുണ്ട്. ശമ്പള പ്രതിസന്ധിയിൽ മാനേജ്‌മെന്റിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല. നിരന്തരമായ പണിമുടക്കുകൾ കെഎസ്ആർടിസിയെ ബാധിക്കും. 10 -ാം തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും ജീവനക്കാര്‍ സമരവുമായി മുന്നോട്ടുപോകുന്നതിനെ ഗതാഗതമന്ത്രി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ പത്തിന് ശമ്പളം നല്‍കാനാൻ ബുദ്ധിമുട്ടാണെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. സമരംമൂലം കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമരം അര്‍ധരാത്രി മുതലാണ് ആരംഭിച്ചതെങ്കിലും അതിന് 12 മണിക്കൂര്‍ മുമ്പ് തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇനി സമരം രാത്രി അവസാനിച്ചാലും 12 മണിക്കൂര്‍ കഴിഞ്ഞേ സര്‍വീസ് പുനഃക്രമീകരിക്കപ്പെടൂ. ചുരുക്കത്തില്‍ ഒരു ദിവസത്തെ സമരം കാരണം മൂന്ന് ദിവസത്തെ നഷ്ടം കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകുന്ന സ്ഥിതിയാണുള്ളത്. ഈ മൂന്നു ദിവസത്തെ വരുമാനം കൂടി ഉപയോഗപ്പെടുത്തിയാണ് ശമ്പളം നല്‍കാമെന്ന് മാനേജ്മെന്റ് കരുതിയത്. എന്നാല്‍ ഇനി ആ തുക കൂടി മാനേജ്മെന്റ് കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്. സമരവുമായി ഇനിയും മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങള്‍ തേടുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.

Story Highlights: KSRTC employees will not be paid tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top