ഇന്ന് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം

ഇന്ന് തൃശൂർ പൂരം. കണിമംഗലം ശാസ്താവ് തട്ടകത്തിൽ നിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ( thrissur pooram 2022 today )
അൽപ്പസമയത്തിനകം തെക്കേ ഗോപുരത്തിലൂടെ ശാസ്താവ് വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക് കയറും. ദേവഗുരു പ്രതിഷ്ഠ ആയതിനാൽ വടക്കുന്നാഥനെ വണങ്ങാത്ത ഏക ദേവതയാണ് ശാസ്താവ്. കണിമംഗലം ശാസ്താവ് എഴുന്നള്ളത്തോടെ പൂരത്തിന് ആരംഭം കുറിക്കുകയാണ്.
തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തള്ളി തുറന്നെത്തിയ മനോഹര കാഴ്ചയോടെ ഇന്നലെ പൂരവിളംബരത്തിന് തുടക്കമായിരുന്നു. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്തലക്കാവിലമ്മ എത്തിയത്. നൂറുകണക്കിനാളുകളാണ് ഈ ചടങ്ങിന് സാക്ഷിയാകാൻ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്കെത്തിയത്.
രാവിലെ എട്ട് മണിയോടെ നെയ്തലക്കാവ് ഭഗവതി കുറ്റൂർ ദേശം വിട്ടിറങ്ങി. എറണാകുളം ശിവകുമാറെന്ന കൊമ്പനാണ് തിടമ്പേറ്റിയത്.
വടക്കുംനാഥക്ഷേത്രത്തിലേക്കുള്ള വഴിയരികിൽ ദേവിയെ കാത്തുനിന്നത് നൂറുകണക്കിനാളുകൾ. വാദ്യഘോഷങ്ങളുടെ അകമ്പടിയിലാണ് നെയ്തലക്കാവ് ഭഗവതി തട്ടകംവിട്ടിറങ്ങിയത്. മണികണ്ഠനാലിൽ എത്തിയത് പതിനൊന്ന് മണിയോടെയാണ്. ഗണപതി ക്ഷേത്രത്തിനടുത്തുനിന്നും മേളം തുടങ്ങി.
മേളത്തിന്റെ അകമ്പടിയിൽ മണിക്ഠനാലിൽ നിന്ന് ശ്രീമൂലസ്ഥാനത്തേക്ക്. അവിടെനിന്നും പടിഞ്ഞാറേ ഗോപുരം വഴി വടക്കുംനാഥ സന്നിധിയിലേക്ക്. എല്ലാ കണ്ണുകളും തെക്കേ ഗോപുര നടയിലേക്ക്. എറണാകുളം ശിവകുമാറിന്റെ പുറമേറി നെയ്തലക്കാവ് ഭഗവതി തെക്കേ നടതുറന്നു. ആരവങ്ങളോടെ ദേശം പൂരത്തിന്റെ വിളംബരമറിയിച്ചു. ഈ ആരവത്തെ സാക്ഷിയാക്കി നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരം തുറന്ന് കടന്നുപോയി. തൃശൂർ പൂരലഹരിയിലമർന്നു.
Story Highlights: thrissur pooram 2022 today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here