Advertisement

വകുപ്പ് പിരിച്ചു വിട്ടുകൂടെ? മന്ത്രിക്ക് രാജിവച്ചു കൂടെ; ഷവര്‍മ്മ വിവാദത്തില്‍ ശ്രീയ രമേഷ്

May 11, 2022
2 minutes Read

ഷവര്‍മ്മയില്‍ നിന്നും ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചതിന് പിന്നാലെ നടക്കുന്ന ചര്‍ച്ചകള്‍ക്കിടെ നടി ശ്രീയ രമേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഷവര്‍മ്മയല്ല മറിച്ച് മായം കലര്‍ത്തുന്നത് തടയാത്ത സിസ്റ്റമാണ് യഥാര്‍ഥ വില്ലന്‍ എന്ന് നടി പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തില്‍ കേരളത്തില്‍ ഷവര്‍മ്മയുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടി നടി തന്നെ പങ്കുവച്ച മറ്റൊരു കുറിപ്പും ഇതോടൊപ്പം ചേര്‍ത്തു. ഇത്തരം വാര്‍ത്തകള്‍ ആവര്‍ത്തിച്ച് വരുമ്പോള്‍ കാര്യക്ഷമമല്ലാത്ത കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടെ? ഒപ്പം മന്ത്രിക്ക് രാജിവച്ചു കൂടെ എന്നും ശ്രീയ ചോദിക്കുന്നു.

ഇത് ആവര്‍ത്തിക്കുവാന്‍ കാരണം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും നിയമങ്ങളിലെ പോരായ്മകളുമാണ്. തീര്‍ച്ചയായും ക്രമക്കേടുകള്‍ക്ക് കൈക്കൂലിയും വാങ്ങുവാന്‍ ഉള്ള സാധ്യതയും തള്ളിക്കളയുവാന്‍ ആകില്ല. ബന്ധപ്പെട്ട മന്ത്രിക്ക് തന്റെ വകുപ്പില്‍ എന്തെങ്കിലും നിയന്ത്രണം ഉണ്ടെങ്കില്‍ ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തുക. ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുവാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുകയും കടകള്‍ കര്‍ശനമായ പരിശോധനയും നിയമ ലംഘകര്‍ക്ക് പിഴയും നല്‍കിക്കൊണ്ട് മാത്രമേ മനുഷ്യര്‍ക്ക് ധൈര്യമായി ഷവര്‍മ്മ ഉള്‍പ്പെടെ ഉള്ള ഭക്ഷണങ്ങള്‍ ജീവഭയം ഇല്ലാതെ കഴിക്കുവാന്‍ പറ്റുവെന്നും ശ്രീയ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഷവര്‍മ്മയല്ല മറിച്ച് മായം കലര്‍ത്തുന്നത് തടയാത്ത സിസ്റ്റമാണ് യഥാര്‍ത്ഥ വില്ലന്‍

ഷവര്‍മ്മ കഴിച്ച ചിലര്‍ മരിക്കുന്നു, ഒരുപാട് പേര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാര്‍ത്തകള്‍ ആവര്‍ത്തിച്ചു വരുമ്പോള്‍ കാര്യക്ഷമല്ലാത്ത കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടെ? ഒപ്പം മന്ത്രിക്ക് രാജിവച്ചു കൂടെ? എന്നാണ് എനിക്ക് ചോദിക്കുവാന്‍ ഉള്ളത്.
ഷവര്‍മ്മ കഴിച്ച ചിലര്‍ മരിക്കുന്നു, ഒരുപാട് പേര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാര്‍ത്തകള്‍ വരുവാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി നമ്മുടെ നാട്ടില്‍. ഇത് ആവര്‍ത്തിക്കുവാന്‍ കാരണം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും നിയമങ്ങളിലെ പോരായ്മകളുമാണ്. തീര്‍ച്ചയായും ക്രമക്കേടുകള്‍ക്ക് കൈക്കൂലിയും വാങ്ങുവാന്‍ ഉള്ള സാധ്യതയും തള്ളിക്കളയുവാന്‍ ആകില്ല. ബന്ധപ്പെട്ട മന്ത്രിക്ക് തന്റെ വകുപ്പില്‍ എന്തെങ്കിലും നിയന്ത്രണം ഉണ്ടെങ്കില്‍ ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തുക. ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുവാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുകയും കടകള്‍ കര്‍ശനമായ പരിശോധനയും നിയമ ലംഘകര്‍ക്ക് പിഴയും നല്‍കിക്കൊണ്ട് മാത്രമേ മനുഷ്യര്‍ക്ക് ധൈര്യമായി ഷവര്‍മ്മ ഉള്‍പ്പെടെ ഉള്ള ഭക്ഷണങ്ങള്‍ ജീവഭയം ഇല്ലാതെ കഴിക്കുവാന്‍ പറ്റൂ.
ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുവാന്‍ ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ ഉള്ള ലാബുകള്‍ ഓരോ ജില്ലയിലും സ്ഥാപിക്കുക. മഹാന്മാരുടെ പേരില്‍ കുറെ പ്രതിമകളും, സ്മാരക മന്ദിരങ്ങളും നിര്‍മ്മിക്കുവാന്‍ കോടികള്‍ ചെലവിടുന്ന നാടാണല്ലോ. ഇത്തരം ലാബുകള്‍ക്ക് മഹാന്മാരുടെ പേരിട്ടാല്‍ പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും. കനത്ത ശമ്പളത്തില്‍ ഒരു പ്രയോജനവും ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഒരുപാട് നിയമനങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്, അതേസമയം മനുഷ്യ ജീവന് ഏറെ ഭീഷണി ഉയര്‍ത്തുന്ന ഭക്ഷ്യ വിഷബാധയും ഭക്ഷണത്തിലെ മായം കലര്‍ത്തലും നിയന്ത്രിക്കുവാന്‍ എന്തുകൊണ്ട് നിയമനങ്ങള്‍ നടക്കുന്നില്ല? ഒരു പക്ഷെ വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ ആവശ്യം ആയതുകൊണ്ടാകുമോ?

ഗള്‍ഫില്‍ ധാരാളം ഷവര്‍മ്മ കടകള്‍ഉണ്ട് അവിടെ ഒത്തിരി ആളുകള്‍ ഷവര്‍മ്മ കഴിക്കുന്നുമുണ്ട് എന്നാല്‍ ഭക്ഷ്യ വിഷബാധയും മരണവും സംഭവിക്കുന്നതായുള്ള വാര്‍ത്തകള്‍ എന്തുകൊണ്ട് അവിടെ നിന്നും ഉണ്ടാകുന്നില്ല എന്നു ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെ നിയമങ്ങള്‍ കര്‍ശനമാണ് അതുപോലെ ബന്ധപ്പെട്ട വകുപ്പ് കൃത്യമായി പരിശോധനയും നടത്തുന്നുണ്ട്. നിയമ ലംഘകര്‍ക്ക് വലിയ പിഴയും ചുമത്തും. കടകളുടെ ലൈസന്‍സ് റദ്ദു ചെയ്യും. അവിടെ സാധാരണക്കാര്‍ പരാതി നല്‍കിയാലും നടപടി വരും ഇവിടെ അധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുമ്പങ്ങള്‍ക്ക് ഭക്ഷ്യ വിഷബാധ വരാത്തതാണോ അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ നടപടിയെടുക്കുവാന്‍ അമാന്തം?

ഇനിയെങ്കിലും കാറ്ററിംഗ് രംഗത്തും കര്‍ശനമായ ഇടപെടല്‍ വരണം. എല്ലാ ഭക്ഷ്യ വിതരണ കടകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കുകയും വൃത്തി ഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ അടച്ചു പൂട്ടിക്കുകയും ചെയ്യണം. അതുപോലെ മത്സ്യത്തില്‍ മായം ചേര്‍ക്കുന്നതിനുള്ള പരിശോധന കര്‍ശനമാക്കുകയും വേണം. മായം മൂലം നമ്മുടെ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കുവാന്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ പൊതു ജനം ഒരു കാമ്പയിന്‍ തന്നെ തുടങ്ങണം. സങ്കുചിതമായ മത രാഷ്ടീയ താല്‍പര്യങ്ങള്‍ മാറ്റി സമൂഹത്തിന്റെ പൊതു താല്‍പര്യമായി ഇതിനെ കാണുക. ഷവര്‍മയിലും പൊതിച്ചോറിലും മായവും മതവും കലര്‍ത്താതിരിക്കുക.

Story Highlights: Can’t the department be dissolved? Minister resigns; Shriya Ramesh in Shawarma controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top