റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ലോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ഫോറെൻസിക് വിഭാഗം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറും. റിഫയുടെ ഭർത്താവ് മെഹ്നാസിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
കോഴിക്കോട് പാവണ്ടൂർ ജുമാ മസ്ജിദിലെ കബർസ്ഥാനിൽ കബറടക്കിയ റിഫയുടെ മൃതദേഹം ശനിയാഴ്ചയാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ കേസിൽ നിർണായക വഴിതിരിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിശദമായ പരിശോധനകൾക്കായി ആന്താരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിഫയെ ശ്വാസം മുട്ടിച്ചിട്ടുണ്ടോ, ശരീരത്തിൽ മറ്റ് ക്ഷതങ്ങൾ ഉണ്ടായിട്ടുണ്ടോ, വിഷ പദാർത്ഥങ്ങൾ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ കണ്ടെത്താനാണ് പരിശോധന. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കും.
റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. കാസർഗോഡ് സ്വദേശിയായ മെഹ്നാസ് ഒളിവിൽ ആണെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മെഹ്നാസിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മാർച്ച് 1നാണ് വ്‌ളോഗർ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
Story Highlights: rifa mehnu autopsy update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here