സേവന നിലവാരം വിലയിരുത്താന്‍ ഓണ്‍ലൈന്‍ സർവ്വേയുമായി കെ.എസ്.ഇ.ബി

കെ.എസ്.ഇ.ബി സേവനങ്ങളുടെ ഗുണനിലവാരത്തെപ്പറ്റിയുളള ഉപഭോക്താക്കളുടെ അഭിപ്രായം തേടി ഓണ്‍ലൈന്‍ സര്‍വ്വേയുമായി കെ.എസ്.ഇ.ബി ലിമിറ്റഡ്. ഉപഭോക്തൃ സേവന വെബ്സൈറ്റായ wss.kseb.in ലൂടെയാണ് സര്‍വ്വേ നടത്തുന്നത്. രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് സൈറ്റില്‍ പ്രവേശിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും.
വൈദ്യുതി വിതരണം, പരാതി പരിഹരിക്കല്‍, ഓണ്‍ലൈന്‍ പണമടയ്ക്കല്‍, വാതില്‍പ്പടി സേവനം, ബില്ലിംഗ്, പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുളള 15 ചോദ്യങ്ങളാണ് ഈ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വൈദ്യുതി സേവനം മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്താനും അവസരമുണ്ട്.
ചോദ്യാവലി തെറ്റ് കൂടാതെ പൂര്‍ണ്ണമായും പൂരിപ്പിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് സംസ്ഥാനവ്യാപകമായി നടത്തുന്ന മെഗാ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് 50,000 രൂപയും, രണ്ട് രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവും സമ്മാനം നല്‍കും. ഇതുകൂടാതെ ഓരോ വിതരണ ഡിവിഷനിലും നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയിക്ക് 1000 രൂപ സമ്മാനം നല്‍കും.
കെ.എസ്.ഇ.ബി ഉപഭോകതാക്കള്‍ക്ക് ജൂണ്‍ ആദ്യവാരം വരെ wss.kseb.in ല്‍ ലോഗിന്‍ ചെയ്ത് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഉപഭോക്തൃ സര്‍വ്വേയിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് അതിനനുസൃതമായി സേവന നിലവാരം മെച്ചപ്പെടുത്തുകയാണ് കെ.എസ്.ഇ.ബിയുടെ ലക്ഷ്യം.
Story Highlights: kseb launches online survey to assess service quality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here