‘വികസനം ചര്‍ച്ചയായാല്‍ എല്‍ഡിഎഫിന്റെ കാറ്റുപോകും’; തിരിച്ചെത്തി ശോഭ സുരേന്ദ്രന്‍

തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനുവേണ്ടിയുള്ള പ്രചാരണത്തില്‍ സജീവമാകുമെന്ന് ശോഭാ സുരേന്ദ്രന്‍. ഒരു വര്‍ഷത്തോളമായി ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന ശോഭ സുരേന്ദ്രന്‍ ഇന്ന് നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. വികസനം ചര്‍ച്ചയായാല്‍ തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ കാറ്റ് പോകുമെന്ന് ശോഭ സുരേന്ദ്രന്‍ പരിഹസിച്ചു.
എഎന്‍ രാധാകൃഷ്ണന് താമര ചിഹ്നത്തില്‍ വോട്ടുചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് താന്‍ തൃക്കാക്കരയില്‍ വന്നതെന്ന് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. താന്‍ എവിടെയും പോയിട്ടില്ലെന്നും ഇവിടെത്തന്നെയുണ്ടെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കി. കെ സുരേന്ദ്രന്റെ കാലാവധി അവസാനിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് സുരേന്ദ്രന്‍ ഇനി തുടരാന്‍ ഇടയില്ലെന്ന വിലയിരുത്തലുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് ശോഭ ബിജെപി വേദിയില്‍ തിരിച്ചെത്തുന്നതെന്നാണ് സൂചന.
Read Also: ‘പ്രതിരോധം അതേ സമുദായത്തിനുള്ളില്‍ നിന്ന് വരണം’; സമസ്ത വിവാദത്തില്‍ സിപിഐ മുഖപത്രം
ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള എതിര്‍പ്പ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമാക്കി ശോഭ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അഭിപ്രായ ഭിന്നതകള്‍ മറന്ന് തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണനുവേണ്ടി ഒന്നിക്കുമെന്ന സൂചനയാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ശോഭ നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല.
എ എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങിയ ശേഷമായിരുന്നു തൃക്കാക്കരയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി എ.എന്‍ രാധാകൃഷ്ണനെ പ്രഖ്യാപിച്ചത്. പക്ഷേ പ്രഖ്യാപനം വൈകിയതില്‍ പ്രശ്‌നമില്ലെന്നും ശക്തമായ മത്സരം കാഴ്ച വയ്ക്കാനാകുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് ബിജെപി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഡോ ജോ ജോസഫാണ്. മുന്‍പ് ഒരുമിച്ച് മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.
Story Highlights: sobha surendran in thrikkakkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here