Advertisement

എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍

May 15, 2022
Google News 2 minutes Read

സംസ്ഥാനത്തെ എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു അസംബ്ലി മണ്ഡലത്തില്‍ 500 പേര്‍ക്കാണ് കണക്ഷന്‍ നല്‍കുക. ഇതിനായി ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ എല്ലാ ഫണ്ടും കെ ഫോണിന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്റര്‍നെറ്റ് സേവന ദാതാവിനെ കെ ഫോണ്‍ തെരഞ്ഞെടുക്കുന്നതുവരെ പ്രാദേശിക സേവന ദാതാക്കളെ ഉപയോഗിച്ച് കണക്ഷന്‍ നല്‍കാനാണ് നിര്‍ദ്ദേശം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സ്വപ്‌ന പദ്ധതിയായ കെ ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങളെ ഇതിനായി തെരഞ്ഞെടുത്തു. ഒരു അസംബ്ലി മണ്ഡലത്തിലെ 500 പേര്‍ക്ക് വീതമാണ് സൗജന്യ കണക്ഷന്‍ നല്‍കുക. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടും. ഒരാള്‍ക്ക് കണക്ഷന്‍ നല്‍കാന്‍ 5000 രൂപയും പ്രതിമാസ ചെലവായി 300 രൂപയും ചെലവാകുമെന്നാണ് കേരള സ്‌റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.

ഇതിലൂടെ കണക്ഷന്‍ നല്‍കാനായി മാത്രം 35 കോടി രൂപ ചെലവാകും. ഇതിനു പുറമെ ഒരു മാസം 2.1 കോടി പ്രതിമാസ ചെലവായി വേണ്ടി വരുമെന്നും സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ ഫണ്ട് ഒരു തടസമല്ലെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു. കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ പക്കല്‍ കെ ഫോണിനായി നല്‍കിയ എല്ലാ ഫണ്ടും ഇതിനായി ചെലവഴിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇന്റര്‍നെറ്റ് സേവന ദാതാവിനെ കെ ഫോണ്‍ തെരഞ്ഞെടുക്കുന്നതുവരെ പ്രാദേശിക ഇന്റര്‍നെറ്റ് സേവന ദാതാക്കളില്‍ നിന്നും പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും കണക്ഷന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കണം. കെ ഫോണിന്റെ പോസ്റ്റില്‍ നിന്നായിരിക്കണം കണക്ഷന്‍ നല്‍കേണ്ടതെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഫ് സിന്‍ഹ നിര്‍ദ്ദേശം നല്‍കി.

Story Highlights: Government to provide free internet to 70,000 BPL families through K-Phone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here