ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; അഞ്ച് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തിൽ പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെക്കുറിച്ച് കൂടുതൽ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടത്താൻ കഴിഞ്ഞിരുന്നില്ല. (nilambur murder lookout notice)
നിലമ്പൂർ സ്വദേശികളായ കൈപ്പഞ്ചേരി ഫാസിൽ, കുന്നേക്കാടം ഷമീം എന്ന പൊരി ഷമീം, പൂളക്കുളങ്ങര ഷബീബ് റഹ്മാൻ, മുഹമ്മദ് അജ്മൽ, വണ്ടൂർ പഴയ വാണിയമ്പലം ചീര ഷഫീക് എന്നിവർക്ക് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതി നൗഷാദുമായി ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹം വെട്ടിനുറുക്കിയ കത്തി വാങ്ങിയ കടയിലും പരിശോധന നടത്തി. മുഖ്യപ്രതി ഷൈബിൻ അഷ്റഫിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി.
കേസിൽ മൃതദേഹം വെട്ടി നുറുക്കാൻ ഉപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി കണ്ടെത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി നൗഷാദുമായി നിലമ്പൂർ സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പുളിമരക്കുറ്റി കണ്ടെത്തിയത്. ഇത് കേസിൽ നിർണായക തെളിവായി മാറുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മരക്കുറ്റിയിലെ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനക്കയക്കും.
Read Also: വൈദ്യന്റെ കൊലപാതകം; കൂട്ടുപ്രതി നൗഷാദുമായി തെളിവെടുപ്പ് നടത്തി
അതേസമയം തനിക്ക് മുൻകാലങ്ങളിൽ ഒരു മുൻ പൊലീസ്യ ഉദ്യോഗസ്ഥൻ നിയമോപദേശം നൽകിയിരുന്നെന്ന് ഷൈബിൻ അഷ്റഫ് മൊഴി നൽകിയിരുന്നു. ഇയാൾ പൊലീസിൽ എന്തെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തിയോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകാൻ വയനാട് സ്വദേശിയായ ഈ മുൻ എസ്ഐയുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല.
2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം.
കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ടെന്നും മലപ്പുറം എസ്.പി സുജിത്ത് ദാസ് വ്യക്തമാക്കി.
Story Highlights: nilambur murder lookout notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here