Advertisement

അമ്മയുടെ കൈയില്‍ നിന്ന് പുഴയില്‍ വീണുകാണാതായ നവജാത ശിശുവിന്റെ മൃതദേഹം ഒരാഴ്ചക്ക്‌ശേഷം കണ്ടെത്തി

May 16, 2022
3 minutes Read

അമ്മയുടെ കൈയില്‍നിന്ന് പുഴയിലേക്കു വീണ് കാണാതായ 11 ദിവസം പ്രായമായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഏലംകുളം മുതുകുര്‍ശി മപ്പാട്ടുകര പാലത്തില്‍ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് അമ്മയുടെ കൈയില്‍ നിന്ന് വീണ് 11 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായത്. ഇവിടേനിന്ന് രണ്ടുകിലോമീറ്ററിലേറെ മാറി കട്ടുപ്പാറ ഇട്ടക്കടവ് തടയണയ്ക്കു താഴ്ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെ മീന്‍പിടിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. കരയോടുചേര്‍ന്ന് ചപ്പുചവറുകള്‍ക്കിടയില്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം. യുവാവ് ഉടന്‍തന്നെ നാട്ടുകാരെയും പൊലീസിനേയും വിവരമറിയിച്ചു. പെരിന്തല്‍മണ്ണ അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരും ചേര്‍ന്നാണ് മൃതദേഹം കരയിലേക്കെത്തിച്ചത്.

എസ്‌ഐ സി.കെ.നൗഷാദിന്റെ നേതൃത്വത്തില്‍ മൃതദേഹ പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സതേടുന്ന പാലത്തോള്‍ സ്വദേശിയായ 35കാരിയുടെ കൈയില്‍നിന്നാണ് കുഞ്ഞ് തൂതപ്പുഴയിലേക്ക് വീണത്. തീവണ്ടി കടന്നുപോയപ്പോഴുണ്ടായ വിറയലില്‍ കുഞ്ഞിനെ നഷ്ടമായെന്നാണ് അമ്മ പറയുന്നത്.

മപ്പാട്ടുകര പാലത്തിന് അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടില്‍നിന്ന് രാത്രി ഒന്‍പതോടെയാണ് യുവതിയെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ യുവതി ഒറ്റയ്ക്ക് തിരിച്ചെത്തി. കുഞ്ഞെവിടെയെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോളാണ് പുഴയില്‍ വീണ കാര്യം പറഞ്ഞത്. റെയില്‍പ്പാലത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ തീവണ്ടി വരുന്നതുകണ്ട് പാലത്തിലെ ട്രോളിക്കൂടിലേക്ക് മാറി. തീവണ്ടി കടന്നുപോയപ്പോളുണ്ടായ വിറയലില്‍ കുഞ്ഞ് കൈയില്‍നിന്നു തെറിച്ച് പുഴയിലേക്ക് വീണെന്ന് യുവതി പറഞ്ഞതായി ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്‍കി.

നിലമ്പൂരില്‍നിന്നും ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ഇതുവഴി ഗുഡ്സ് തീവണ്ടി കടന്നുപോയിരുന്നു. വീട്ടുകാരും നാട്ടുകാരും രാത്രിതന്നെ പുഴയില്‍ തിരച്ചിലാരംഭിച്ചിരുന്നു. പെരിന്തല്‍മണ്ണ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരുംചേര്‍ന്ന് ബുധനാഴ്ച വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. യുവതിയുടെ ഭര്‍ത്താവ് ചാവക്കാട് സ്വദേശി വിദേശത്താണ്. ഇവര്‍ക്ക് ആറ് വയസുള്ള മകനുമുണ്ട്.

Story Highlights: One week later, the body of a newborn baby boy who had fallen into a river from his mother’s arms was found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top