വാച്ചര്‍ രാജനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി; തമിഴ്‌നാട്ടിലെ സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷണം

അട്ടപ്പാടിയില്‍ കാണാതായ വാച്ചര്‍ രാജനായി ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി പൊലീസ്. രാജന്‍ തമിഴ്‌നാട് വനമേഖലയില്‍ എത്തിയിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. രാജന്റെ തമിഴ്‌നാട്ടിലെ സുഹൃത്തുക്കളുടെ വീടുകളില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ നാളെ യോഗവും ചേരാനിരിക്കുകയാണ്. (look out notice for forest watcher rajan)
രാജനായി കാടിനകത്ത് ഇനിയും തെരച്ചില്‍ നടത്തേണ്ടെന്ന തീരുമാനത്തിലാണ് വനംവകുപ്പ്. കാടിനകത്ത് വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള തെരച്ചിലാണ് അവസാനിപ്പിച്ചത്. വാച്ചര്‍മാര്‍ ഉള്‍പ്പെടുന്ന ചെറു സംഘങ്ങളായുള്ള തെരച്ചില്‍ തുടരും. രണ്ടാഴ്ച 150 ഓളം വനംവകുപ്പ് ജീവനക്കാര്‍ നടത്തിയ പരിശോധയാണ് അവസാനിപ്പിച്ചത്. തിരോധാനം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് രാജനെ കുറിച്ച് ഇതുവരെ സൂചനകള്‍ ഒന്നും കിട്ടിയിട്ടില്ല. ഇതര സംസ്ഥാനങ്ങളിലെ രാജന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.
അതേസമയം വാച്ചര്‍ രാജന്‍ സ്വയം തീരുമാനമെടുത്ത് കാടുകയറാന്‍ ഒരു സാധ്യതയുമില്ലെന്ന് കാണാതാകുന്ന ദിവസം ഒപ്പമുണ്ടായിരുന്ന വാച്ചര്‍ രമേശന്‍ ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. കാണാതാകുന്നതിന് തൊട്ടുമുന്‍പ് വരെ രാജന്‍ സന്തോഷവാനായിരുന്നെന്നും മകളുടെ വിവാഹത്തെപ്പറ്റി സംസാരിച്ചാണ് കിടക്കാന്‍ പോയതെന്നും രമേശന്‍ പറയുന്നു.രാജന്റെ തിരോധാനത്തില്‍ ദുരൂഹതയെന്ന് സഹോദരി സത്യഭാമയും ട്വന്റി ഫോറിനോട് പറഞ്ഞു.
കാടിനെ നന്നായി അറിയാവുന്ന ഊടുവഴികളും അപകടക്കുഴികളും വന്യമൃഗങ്ങളുടെ സഞ്ചാരപാതയുമെല്ലാം മനപാഠമായ രാജന് അപകടമൊന്നും സംഭവിച്ചിരിക്കില്ലെന്ന് ഉറപ്പിക്കുന്നു കാണാതാകുന്ന ദിവസം രാത്രി 8.45 വരെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും വാച്ചറുമായ രമേശന്‍.രാജന്‍ സ്വയം നിശ്ചയിച്ച് കാടുകയറില്ലെന്നും മാനസിക വിഷമങ്ങള്‍ ഒന്നും രാജനെ അലട്ടിയിരുന്നില്ലെന്നും രമേശന്‍ പറയുന്നു.
Story Highlights: look out notice for forest watcher rajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here