സർക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി; ഭരണ പരിഷ്കാര കമ്മീഷൻ ശുപാർശകൾ അംഗീകരിച്ചു

സംസ്ഥാനത്ത് നാലം ഭരണ പരിഷ്ക്കാര കമ്മിഷന്റെ ഒൻപതാം റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭായോഗം അംഗീകരിച്ചു. ഓഡിറ്റിന് ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താനും കെ എസ് ഇ ബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരാനും തീരുമാനമുണ്ട്.
കെടുകാര്യസ്ഥത മൂലം സർക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ തുടർ നടപടി സ്വീകരിക്കും. നഷ്ടം ഇവരിൽ നിന്ന് ഈടാക്കും. അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്ക് വിജിലൻസിന് കൈമാറും.
സോഷ്യൽ ഓഡിറ്റ് പ്രോത്സാഹിപ്പിക്കും. സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഓഡിറ്റിന്റെ ആവശ്യകത സംബന്ധിച്ച് വകുപ്പുകളിൽ ബോധവൽക്കരണം നടത്തും. ഓഡിറ്റർമാർക്ക് ആവശ്യമായ പരിശീലനവും നൽകും.
പാർശ്വവൽകൃത/ ദുർബല ജനവിഭാഗങ്ങൾക്കിടയിൽ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കും. സർക്കാർ മേഖലയിലെ പരിശീലന പരിപാടികളിൽ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് ഒരു മൊഡ്യൂൾ ഉൾപ്പെടുത്തും. പരാതികൾ പരിഹരിക്കുന്നതിനും നിരസിക്കുന്നതിനും സമയ പരിധി നിശ്ചയിക്കും. ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. പരാതി പരിഹാര സംവിധാനങ്ങളിൽ മൂന്നിൽ ഒന്ന് ജീവനക്കാരെങ്കിലും സ്ഥിരം ജീവനക്കാരെന്ന് ഉറപ്പു വരുത്തണം.
പൊതുജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ അഭിരുചി, യോഗ്യത, പ്രതിബദ്ധത എന്നിവയുള്ള ജീവനക്കാരെ നിയമിക്കണം. സർക്കാർ കക്ഷിയായ കേസുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹിയറിങ്ങിന് ഹാജരാകുന്നത് ഉറപ്പാക്കണം.
കെ എസ് ഇ ബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരും. ഇലക്ട്രിസിറ്റി ഓബുഡ്സ്മാന് നേരിട് പരാതികൾ സ്വീകരിക്കുന്നതിന് അധികാരം നൽകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും.
Read Also: ദുരൂഹസാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയാറാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
മതിയായ കാരണങ്ങളില്ലെങ്കിൽ വർഷത്തിൽ ഒന്നിലധികം തവണ ഒരേ സ്ഥാപനത്തിൽ ഓഡിറ്റ് നടത്തരുത്. സമഗ്രമായ ഓഡിറ്റ് പ്ലാൻ തയ്യാറാക്കണം. തത്സമയ ഓഡിറ്റ് സാധ്യമാക്കുന്നതിനായി ഇലക്ട്രോണിക് രീതി അവലംബിക്കും. അക്കൗണ്ടന്റ് ജനറൽ ഓഡിറ്റിങ്ങ് നടത്തിയ സ്ഥാപനത്തിൽ വീണ്ടും മറ്റൊരു ഏജൻസി ഓഡിറ്റ് നടത്തുമ്പോൾ എ ജിയുടെ ആഭിപ്രായം കൂടി തേടണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എ ജിയുടെ ടെക്നികൽ ഗൈഡൻസ് സൂപ്പർ വിഷന് കീഴിൽ ഓഡിറ്റിന് വിധേയമാക്കണം. ഓഡിറ്റ് ബാധ്യതകൾ സേവന പുസ്തകത്തിൽ രേഖപ്പെടുത്തണം. നിയമസഭാ കമ്മിറ്റികൾ ഓഡിറ്റ് റിപ്പോർട്ടിലെ എല്ലാ ഖണ്ഡികകളും അതാത് വർഷം തന്നെ തീർപ്പാക്കണം.
Story Highlights: cabinet approves administrative reforms commission proposals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here