Advertisement

ഷാബാ ഷരീഫിന്റെ കൊലപാതകം; ഷൈബിൻ അഷ്റഫിനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും

May 18, 2022
1 minute Read

പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെയുള്ളവരിൽ നിന്ന് അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടക്കും. ഷൈബിൻ അഷ്റഫിനൊപ്പം കൂട്ടാളികളായ നിഷാദിനെയും ശിഹാബുദ്ദീനെയും ബത്തേരിയിലും കൊലപാതകം നടന്ന നിലമ്പൂരിലെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

മൈസൂർ സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതി ഷൈബിൻ അഷ്റഫ്, കൂട്ടാളികളായ ഷിഹാബുദ്ദീൻ, നിഷാദ് എന്നിവരിൽ നിന്നാണ് അന്വേഷണ സംഘം തെളിവ് ശേഖരിക്കുന്നത്. പ്രധാനമായും വയനാട് ബത്തേരി, നിലമ്പൂർ മുക്കട്ട എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തെളിവെടുപ്പ് നടത്തുക.

ഷൈബിൻ അഷ്റഫിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിലും തുടർന്ന് മൃതദേഹാവശിഷ്ടങ്ങൾ ചാലിയാറിൽ വലിച്ചെറിഞ്ഞ എടവണ്ണ സീതി ഹാജി പാലത്തിലും എത്തിച്ച് തെളിവെടുക്കും. നേരത്തെ കസ്റ്റഡിയിലെടുത്ത നൗഷാദുമൊത്ത് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഈ തെളിവുകളുടെ കൃത്യത ഉറപ്പു വരുത്തുന്നതിനും ഈ തെളിവ് ശേഖരണം സഹായാകമാകും. നൗഷാദുമായുള്ള തെളിവെടുപ്പിനിടെ വൈദ്യന്റേതെന്ന് സംശയിക്കുന്ന രക്തക്കറ, മുടി എന്നിവ ലഭിച്ചിരുന്നു. ഇവ ഡി എൻ എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Read Also:വൈദ്യന്റെ കൊലപാതകം; രക്തക്കറ കണ്ടെത്താൻ അന്വേഷണ സംഘം, തെളിവെടുപ്പ് തുടരും

പ്രതികളെ മൈസൂരിലെത്തിച്ചും തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. അതേസമയം ഷൈബിന്‍ അഷറഫിന്റെ ഭാര്യയും ഷൈബിന് നിയമോപദേശം നൽകിയ മുൻ പൊലീസ് ഉദ്യോഗസ്ഥനും നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. ഷാബ ഷരീഫിനെ തടവിൽ പാര്‍പ്പിച്ച കാലത്തും കൊലപ്പെടുത്തിയപ്പോഴും ഭാര്യ വീട്ടിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

മുൻ എഎസ്ഐ പലകാര്യങ്ങളിലും നിയമസഹായം ലഭ്യമാക്കിയിരുന്നതായി ഷൈബിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് അറസ്റ്റ് ഒഴിവാക്കാനാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25-ലേക്ക് മാറ്റി. കേസിൽ പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി പൊലീസ് കഴിഞ്ഞ ദിവസം ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

Story Highlights: Murder of Shaba Sharif

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top