സ്ത്രീ സൗഹൃദമാകാന്‍ സ്‌പെയിന്‍; ആര്‍ത്തവ അവധി നടപ്പാക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായേക്കും

അകറ്റി നിര്‍ത്തുകയല്ല, ചേര്‍ത്തു നിര്‍ത്തുകയാണ് സ്ത്രീകളെ സ്‌പെയിന്‍. ആര്‍ത്തവ കാലത്തെ അസ്വസ്ഥതകള്‍ കടിച്ചമര്‍ത്തി ജോലി ചെയ്യേണ്ട ഗതികേടില്‍ നിന്ന് സ്‌പെയിനിലെ സ്ത്രീകള്‍ മോചിതരാകുന്നു ( Spain offer menstrual leave ).
ആര്‍ത്തവവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളുള്ളവര്‍ക്ക് ശമ്പളത്തോട് കൂടി അനിശ്ചിതകാല അവധി വ്യവസ്ഥ ചെയ്യുന്ന കരട് നിയമം സ്പാനിഷ് പാര്‍ലമെന്റിലേക്ക് എത്തുകയാണ്. നിയമം പാലര്‍മെന്റ് പാസാക്കുകയാണെങ്കില്‍, ആര്‍ത്തവ അവധി നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി സ്‌പെയിന്‍ മാറും.
നിര്‍ണായക ചുവടുവയ്‌പ്പെന്നാണ് തീരുമാനത്തെ സ്പാനിഷ് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. മരുന്നും കഴിച്ച് വേദന കടിച്ചമര്‍ത്തി ജോലി ചെയ്യേണ്ട കാലം കഴിയുകയാണെന്ന് മന്ത്രി ഐറീന്‍ മൊണ്‍ടേറോ വ്യക്തമാക്കി. എന്നാല്‍ അവധി അനുവദിക്കുന്നതിന് കൃത്യമായ വ്യവസ്ഥയുണ്ട്. ആര്‍ത്തവമെന്ന് മാത്രം പറഞ്ഞ് അവധിയില്‍ പോകാനാകില്ല. അനുബന്ധ അസ്വസ്ഥതകള്‍ക്കാണ് അവധി. ഇത് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുകയും വേണം.
നിലവില്‍ ജപ്പാന്‍, തായ്വാന്‍, ഇന്തോനേഷ്യ, തെക്കന്‍ കൊറിയ, സാന്പിയ തുടങ്ങിയ രാജ്യങ്ങളിലാണ് ആര്‍ത്തവ അവധി ഉള്ളത്. 2016ല്‍ ഇറ്റലി നിയമം നടപ്പാക്കാന്‍ ഒരുങ്ങിയെങ്കിലും പാര്‍ലമെന്റ് തള്ളുകയായിരുന്നു. സ്‌പെയിനിലെ നീക്കം, ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ് ഇപ്പോള്‍. സ്ത്രീ സൗഹൃദ തീരുമാനമെന്ന് വാഴ്ത്തുമ്പോഴും എതിര്‍പ്പുകളും ശക്തമാണ്. സ്ത്രീകള്‍ക്ക് ജോലി നിഷേധിക്കാന്‍ തൊഴിലുടമകളെ പ്രേരിപ്പിക്കുമെന്നാണ് ഒരു പക്ഷം.
Story Highlights: Spain debating plans to become first country in Europe to offer menstrual leave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here