ഫയൽ നീക്കം ഇഴയുന്നതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി; ഉദ്യോഗസ്ഥർക്ക് കർശന നിർദേശം

ഭരണസിരാ കേന്ദ്രത്തിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അതൃപ്തി. സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം എത്രയും വേഗത്തിൽ ഹാജരാക്കാനാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. 44 വകപ്പുകളിലായി 20000 ഫയലുകളാണ് ഒരു മാസം ഭരണസിരാ കേന്ദ്രത്തിലേക്കെത്തുന്നത്. ഇതിൽ പകുതിയോളവും വസ്തു വ്യവഹാരവും കെട്ടിട നിർമ്മാണ തർക്കങ്ങളും അപ്പീലുകളുമാണ്. ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ ഇതിൽ 20 ശതമാനത്തോളം വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അദാലത്തുകൾ നടത്തിയും പരമാവധി ഇ സേവനങ്ങൾ നടത്തിയും പ്രശ്നപരിഹാരത്തിന് വലിയ ശ്രമങ്ങൾ നടത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിഷയത്തിൽ നേരിട്ട് ഇടപെടുന്നത്. വൈകാതെ തന്നെ മുഖ്യമന്ത്രിക്ക് മുന്നിൽ ഇതിന്റെ ഫയലുകളെത്തും. തിടുക്കപ്പെട്ട അദാലത്തുകൾ ഉടൻ ഉണ്ടാകുമെന്നാണ് പുതിയ നടപടികളിലൂടെ വ്യക്തമാവുന്നത്.
ഡാഷ് ബോർഡ് സംവിധാനം അടിയന്തരമായി നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഓഫീസുകളെയും ഓൺലൈനാക്കാനുള്ള നീക്കങ്ങളും ഇപ്പോൾ പുരോമഗിക്കുകയാണ്. ഇതിനുള്ള നിർദേശവും ചീഫ് സെക്രട്ടറി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രശസ്തമായ പ്രസംഗത്തില്‍ ഓരോ ഫയലും ഓരോ ജീവിതമാണെന്നും അത് എത്രയും വേഗം തീർപ്പാക്കണമെന്നും പറഞ്ഞിരുന്നു.
” മുമ്പില്‍ വരുന്ന ഓരോ ഫയലിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളത്. ആ ഫയലുകളില്‍ നിങ്ങളെഴുതുന്ന കുറിപ്പാവും ഒരുപക്ഷെ അവരില്‍ അപൂര്‍വ്വം ചിലരെങ്കിലും തുടര്‍ന്ന് ജീവിക്കണോ മരിക്കണോ എന്നു പോലും നിശ്ചയിക്കുന്നത്. ഫയലില്‍ പ്രതികൂല പരാമര്‍ശം വന്ന് എല്ലാം തകര്‍ന്ന നിലയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ഹിമാചലിലെ ഒരു വൃദ്ധയുടെ കാര്യം പത്രത്തില്‍ വന്നത് എന്റെ ഓര്‍മ്മയിലുണ്ട്. എല്ലാ ഫയലിലും അനുകൂലമായി എഴുതാന്‍ കഴിയണമെന്നില്ല. എന്നാല്‍ ഫയലില്‍ ഉള്ളത് ജീവിതമാണെന്നും കഴിയുന്നത്ര കരുതലോടെ അത് കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നുമുള്ള ബോധം ആവണം നിങ്ങളെ നയിക്കുന്നത്.
ബ്രിട്ടീഷ്കാരുടെ കാലത്തെ ഫയല്‍ നോട്ട രീതിയാണ് ഇന്നും നിലനില്‍ക്കുന്നത്. ജനങ്ങളുടെ അവശ്യത്തെ എങ്ങനെയൊക്കെ തടയാം, അവരുടെ അവകാശത്തെ എങ്ങനെയൊക്കെ നിയന്ത്രിക്കാം എന്ന മട്ടിലുള്ള ഒരു നെഗറ്റീവ് ഫയല്‍ നോട്ട സമ്പ്രദായമാണ് അന്ന് ഉണ്ടായിരുന്നത്. അതിന്നും തുടരുന്നുണ്ട്. ഇതിനെ എങ്ങനെയൊക്കെ ജനങ്ങളെ സഹായിക്കാം എന്ന മട്ടിലുള്ള ഒരു പോസിറ്റീവ് ഫയല്‍ നോട്ട സമ്പ്രദായം കൊണ്ടു പകരം വയ്ക്കണം”. ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
Story Highlights: Chief Minister Pinarayi Vijayan is dissatisfied with the backlog of files
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here